ബംഗ്ലാദേശ് സ്വദേശിയുടെ അറസ്റ്റ്; ദുരൂഹതകളില്ലെന്നു പോലീസ്
1588130
Sunday, August 31, 2025 6:56 AM IST
മെഡിക്കല്‍ കോളജ്: വ്യാജ രേഖകള്‍ ചമച്ചതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചുമത്തി പിടിക്കപ്പെട്ട ബംഗ്ലാദേശ് സ്വദേശിയുടെ ഇന്ത്യയിലേക്കുള്ള വരവില്‍ കൂടുതല്‍ ദുരൂഹതകള്‍ കാണുന്നില്ലെന്നു പേട്ട പോലീസ്.
ബംഗ്ലാദേശില്‍ തനിക്ക് ജോലി ലഭിക്കാതെ വന്നതോടെ ഇന്ത്യയിലെത്തിയാല്‍ ജോലി ലഭിക്കുമെന്നു കണക്കാക്കി വ്യാജരേഖകള്‍ ചമച്ച് കേരളത്തിലേക്ക് ഇയാള്‍ വരികയായിരുന്നു. പ്രണോയ് റോയി (29) ആണ് കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായത്. കേരളത്തിലെത്തിയ ഇയാള്‍ തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനു സമീപം തമ്പടിക്കുകയായിരുന്നു.
കൊച്ചുവേളിക്കടുത്തായിരുന്നു ഇയാളുടെ താമസം. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രണോയിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ ബംഗ്ലാദേശിലെ പാസ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വ്യാജ ആധാര്‍ കാര്‍ഡ് കൈവശമുള്ളതായി കണ്ടെത്താനായത്. ഇയാള്‍ ഡല്‍ഹിയില്‍ വച്ചാണ് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നാണു വിവരം. പ്രതി നിലവില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്.