ഇനി സ്വൈര്യമായി ഉറങ്ങാം : അനീഷിന്റെ സ്വപ്നഭവനത്തിന് മന്ത്രിയുടെ താക്കോല്‍
1588129
Sunday, August 31, 2025 6:56 AM IST
പേരൂര്‍ക്കട: വര്‍ഷങ്ങളായി സ്വന്തമായൊരു വീട് എന്ന യുവാവിന്റെ സ്വപ്നത്തിന് ഒടുവില്‍ താക്കോല്‍ നല്കി മന്ത്രിയുടെ സാന്ത്വനം. വാഴോട്ടുകോണം വെള്ളെക്കടവ് സ്വദേശി വിക്രമന്റെയും ബേബിയുടെയും മകന് അനീഷിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. വിക്രമന് കിടപ്പുരോഗിയാണ്. മകന് അനീഷ് ഭിന്നശേഷിക്കാരനുമാണ്.
നല്ലൊരു കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങണമെന്നുള്ളത് അനീഷിനൊപ്പം കുടുംബത്തിന്റെ വളരെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. തിരുവനന്തപുരം ജില്ല ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് പേരൂര്‍ക്കട ഏരിയ കമ്മിറ്റിയാണ് മേല്നോട്ടമെടുത്ത് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.
പേരൂര്‍ക്കട യൂണിയന് ഏരിയാ പ്രസിഡന്റ് വട്ടപ്പാറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍, വി.കെ. പ്രശാന്ത് എംഎല്‍എ, യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. ശ്രീകാന്ത്, സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി വട്ടപ്പാറ ബിജു എന്നിവര്‍ പങ്കെടുത്തു.