വഴയില-പഴകുറ്റി നാലുവരിപ്പാത : മൂന്നാം റീച്ചിലെ നഷ്ടപരിഹാര തുക വിതരണം ചെയ്തു
1588128
Sunday, August 31, 2025 6:56 AM IST
നെടുമങ്ങാട്: വഴയില-പഴകുറ്റി നാലുവരിപ്പാത മൂന്നാം റീച്ചിലെ നഷ്ട പരിഹാര തുക മന്ത്രി ജി.ആർ. അനിൽ ജില്ലാ കളക്ടർ അനുകുമാരിക്കു കൈമാറി. ആദ്യ റീച്ചിന്റെ മുഴുവൻ പ്രവൃത്തികളും ഡിസംബർ മാസം അവസാനം പൂർത്തിയാകുന്നതരത്തിലാണ് പ്രവർത്തനങ്ങളുടെ പുരോഗതിയെന്നും മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.
നാലുവരിപ്പാത വികസനത്തിനായി 1285.19 കോടി രൂപ അനുമതി ലഭിച്ചിട്ടുള്ള പദ്ധതി പൂർത്തീകരിക്കുമ്പോൾ 1400 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ കച്ചേരി നട പതിനൊന്നാം കല്ല് വരെയുള്ള മൂന്നാം റീച്ചിനായി ഭൂമി വിട്ടുനൽകുന്ന 481 പേർക്കുള്ള നഷ്ടപരിഹാര തുക 396.4 കോടി രൂപയാണ് റവന്യൂ വകുപ്പിനു കൈമാറിയത്. ഇതിൽ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള 591 പേർക്കുള്ള ആർ ആൻഡ് ആർ പാക്കേജിനു ള്ള തുകയും ഉൾപ്പെടുന്നുണ്ട്.
നെടുമങ്ങാട്, കരിപ്പൂർ, ആനാട് വില്ലേജുകളിലായി 3.2 കിലോമീറ്റർ ദൂരത്തിൽ 27,396 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ആദ്യ റീച്ചിൽ 303 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനായി 190.57 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 301 പേർക്കായി 190.11 കോടി രൂപ കൈമാറിയിട്ടുണ്ട്.
റീച്ച് രണ്ടിൽ കരകുളം, അരുവിക്കര, നെടുമങ്ങാട് വില്ലേജുകളിലായി 4.8259 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 4.88 കോടി രൂപ ആർ ആൻഡ് ആർ തുകയായി വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 81 പേരുടെ തുക ഉടൻ വിതരണം ചെയ്യും. 317 പേരിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നതിനായി 284.1 കോടി രൂപയാണ് അനുവദിച്ചത്.
ഇതിൽ 252 പേർക്കു വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 35 പേരിൽ 31 പേർ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.