നെയ്യാർഡാമിലെ ഓണാഘോഷം സെപ്റ്റംബർ നാലിന് തുടങ്ങും
1588126
Sunday, August 31, 2025 6:45 AM IST
ഘോഷയാത്ര എട്ടിന്
നെയ്യാർഡാം: നെയ്യാർഡാമിലെ ഓണാഘോഷത്തിനു സെപ്റ്റംബർ നാലിന് തുടക്കമാകും. പ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നു. ഘോഷയാത്ര എട്ടിനു നടത്തും. ജലവിഭവ വകുപ്പ്, വനം, ഫിഷറീസ് വകുപ്പുകൾ, ഡിടിപിസി, തുറന്നജയിൽ, കള്ളിക്കാട് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
വൈദ്യുത ദീപാലരങ്ങളുടെ ഉദ്ഘാടനം നാലിനു വൈകുന്നേരം സി.കെ. ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കും. നൃത്തസംഗീത സന്ധ്യ, നാടകം, സമൂഹ തിരുവാതിര, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവ ഉണ്ടാകും.
സെപ്റ്റംബർ എട്ടിനു വൈകുന്നേരം നാലിനു കള്ളിക്കാടു നിന്നും നെയ്യാർഡാം വരെ സാംസ്കാരിക ഘോഷയാത്ര നടക്കും. ദീപാലങ്കാരം, അമ്യൂസ്മെന്റ് പാർക്ക്, വിവിധ കലാ-സാഹിത്യ മത്സരങ്ങൾ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം എന്നിവ ഓണം വാരാഘോഷത്തോടനുബന്ധിച്ചു നടക്കും.
ഓണാഘോഷം നടക്കുന്ന നാലു മുതൽ എട്ടു വരെ ഡാം ഉദ്യാനം ദീപാലംകൃതമാക്കും. വനം വകുപ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സഹസിക സഞ്ചാരമാണു പ്രധാനം. മീൻമുട്ടി, മുല്ലയാർ, കൊമ്പൈക്കാണി, വരയാട്ടുമുടി എന്നിവിടങ്ങളിൽ സാഹസിക സഞ്ചാരം നടത്താൻ വനം വകുപ്പ് തയാറെടുക്കുന്നുണ്ട്.
കാട്ടിലൂടെ യാത്രയ്ക്ക് ബുക്കിംഗും തുടങ്ങി കഴിഞ്ഞു. നെയ്യാർഡാമിൽ എത്തിയതിനുശേഷം ആനകളെ കാണാൻ ബസിൽ കാപ്പുകാട്ട് ആനപാർക്കിൽ എത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആനപാർക്കിലേയ്ക്ക് ബോട്ട് സൗകര്യവും ഒരുക്കി.