നേമം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ : 24 മണിക്കൂറും ഇസിജി സേവനം ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1588123
Sunday, August 31, 2025 6:45 AM IST
തിരുവനന്തപുരം: താലൂക്ക് ആശുപത്രിയായി ഉയർത്തിയ നേമം ഗവണ്മെന്റ് ആശുപത്രിയിൽ ഇസിജി പോലെയുള്ള സേവനങ്ങ ൾ 24 മണിക്കൂറും ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ദ്രുതഗതിയിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
2023 സെപ്റ്റംബർ 16ന് രാത്രിഹൃദയസ്തംഭനവുമായി നേമം ഗവ. ആശുപത്രിയിലെത്തിയ രോഗിക്ക് ഇസിജിയെടുക്കാൻ വാടകയ്ക്ക് മെഷീൻ എടുക്കേണ്ടി വന്നുവെന്ന പരാതിയിലാണ് ഉത്തരവ്. പിന്നീട് രോഗി മരിച്ചു. എന്നാൽ സെപ്റ്റംബർ 16ന് ഒരു രോഗിയും നേമം ഗവണ്മെന്റ് ആശുപത്രിയിൽ ഹൃദയസ്തംഭനം കാരണം മരിച്ചിട്ടില്ലെന്ന് ഡിഎംഒ കമ്മീഷനെ അറിയിച്ചു. അഡീഷണൽ ഡിഎംഒയുടെ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിഎംഒയ്ക്ക് കമ്മീഷൻ നിർദേശം നൽകി.
രോഗികൾക്ക് 24 മണിക്കൂറും ഇസിജി സൗകര്യം ലഭിക്കുന്നുണ്ടോ, താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടുണ്ടോ, ആശുപത്രി സേവനങ്ങൾ രോഗികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകണം.
ഡിഎഒ, റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറണം. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാൻ ഡിഎച്ച്എസ് നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
രണ്ട് ഇസിജി മെഷീനുകൾ നേമം താലൂക്ക് ആശുപത്രിയിലുണ്ടെങ്കിലും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം നാലുവരെ ഒരു ഇസിജി ടെക്നീഷ്യന്റെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീ മിന്റെ പരാതിയിലാണു നടപടി.