ഭൂമി വില്പനയുടെ മറവില്‍ വ്യവസായികളെ തട്ടിക്കൊണ്ടുവന്നു തടവിലാക്കിയ അഞ്ചുപേര്‍ പിടിയില്‍
1588121
Sunday, August 31, 2025 6:45 AM IST
പാറശാല: ഭൂമി വില്പനയുടെ മറവില്‍ തമിഴ്നാട് സ്വദേശികളായ രണ്ടു വ്യവസായികളെ കേരള പോലീസ് യൂണിഫോമില്‍ തട്ടിക്കൊണ്ടു വന്നു തടവിലാക്കി ബ്ലാക്ക് മെയിലിംഗ് നടത്തിയ അഞ്ചുപേര്‍ പിടിയില്‍.
സംഭവവുമായി ബന്ധപ്പെട്ട് ഉദിയന്‍കുളങ്ങര കരിക്കിന്‍വിള ഗ്രേസ് ഭവനില്‍ സാമുവല്‍ തോമസ്, നെയ്യാറ്റിന്‍കര പുല്ലൂര്‍ക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിന്, നെയ്യാറ്റിന്‍കര കൃഷ്ണ തൃപ്പാദത്തില്‍ അഭിരാം, കമുകിന്‍കോട് ചീനിവിള പുത്തന്‍കരയില്‍ വിഷ്ണു എസ്. ഗോപന് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സേലം, കുപ്പ നായഗനൂര് സ്വദേശിയായ സുരേഷി (42) നെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത് കേരള പോലീസിനു കൈമാറി.
കൃഷ്ണഗിരിയില്‍നിന്നു തട്ടിക്കൊണ്ടുവന്ന് കെട്ടിയിട്ടിരുന്ന രണ്ടുപേരെ ഉദിയന്കുളങ്ങരയിൽനിന്നാണു പോലീസ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര് പാറശാല പോലീസിന്റെ പിടിയിലായി. ഡാന്‍സാഫ് സംഘം അതിര്‍ത്തി പ്രദേശത്ത് പരിശോധന നടത്തിവരുന്നതിനിടയില്‍ തമിഴ്നാട്ടില്‍നിന്ന് വരികയായിരുന്ന ഇരുചക്രവാഹനം ഉദിയന്‍കുളങ്ങരയ്ക്ക് സമീപത്തെ ആള് പാര്‍പ്പില്ലാത്ത വീട്ടിലെത്തിയതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്ന്നെത്തുകയായിരുന്നു.
തുടർന്നാണു കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്നിവരെ ചങ്ങല കൊണ്ട് പൂട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരാളുടെ നിര്‍ദേശപ്രകാരം ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ ഹൊസൂരില്‍ വന്നതെന്ന് ഇവര്‍ പറഞ്ഞു. സ്ഥലത്ത് എത്തിയപ്പോള്‍ കേരള പോലീസിന്റെ വേഷം ധരിച്ച ഒരു സംഘം ഇന്നോവ വാഹനത്തില്‍ വന്നിറങ്ങി തട്ടിക്കൊണ്ടുവികയായിരുന്നുവെന്നും വ്യവസായികൾ പറയുന്നു.
ബംഗളൂരുവിൽ യൂബര്‍ ടാക്സി ജീവനക്കാരനാണ് സാമുവല്‍ തോമസ്, സാമുവല്‍ തോമസിന്റെ മാതൃ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ് വ്യവസായകളെ പൂട്ടിയിട്ടവീട്.ഈ വീട്ടില്‍നിന്ന് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, കേരള പോലീസിന്റെ വ്യാജ ഐഡി കാര്‍ഡുകള്‍, തോക്ക്, തിര, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ പ്രധാന പ്രതി കൂടി പിടിയിലാകാന്‍ ഉണ്ടെന്നു പാറശാല പോലീസ് വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്കാന് കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ പോലീസ് ചമഞ്ഞു തട്ടിക്കൊണ്ടുപോകല്‍ പലതവണ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.