പൂജപ്പുരയിലെ മോഷണം; പ്രതിയുടെ മൊഴികളില്‍ നിരവധി വൈരുദ്ധ്യങ്ങള്‍
1588120
Sunday, August 31, 2025 6:45 AM IST
സ്കൂട്ടര്‍ മോഷണത്തിനു കേസെടുത്തു
പേരൂര്‍ക്കട: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഭക്ഷണശാലയായ കഫറ്റേറിയയിലെ മോഷണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഹാദി (26) യുടെ മൊഴികളില്‍ നിരവധി വൈരുദ്ധ്യങ്ങള്‍.
പോലീസിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ റിമാന്‍ഡ് ചെയ് തത്. താന്‍ തൃശൂരിലെ ഒരു പള്ളിയില്‍ പ്രാര്ഥനയിലേര്പ്പെട്ടിരുന്നയാളുടെ ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ച് അതിലാണ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് അബ്ദുള്‍ ഹാദി പോലീസിനോടു പറഞ്ഞത്. അതേസമയം താന്‍ ബസില്‍ ആലപ്പുഴയില്‍ നിന്നു തിരുവനന്തപുരത്തു വന്നുവെന്നായിരുന്നു ആദ്യമൊഴി.
ഏതായാലും സ്കൂട്ടര്‍ മോഷണത്തിനു തൃശൂര്‍ ഈസ്റ്റ് പോലീസ് മുഹമ്മദ് അബ്ദുള്‍ ഹാദിക്കെതിരേ കേസെടുത്തിരിക്കുകയാണ്. മോഷ്ടിച്ച സ്കൂട്ടറില്‍ തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് വന്നുവെന്നു പറയുന്നത് പൂജപ്പുര പോലീസ് വിശ്വാസത്തിലെടുക്കുന്നില്ല.
ഇത്രയും ദൂരം ഒരാള്‍ വാഹനം ഓടിച്ചെത്തി മോഷണം നടത്തി എന്നുള്ളതിലാണ് വൈരുദ്ധ്യം. പൂജപ്പുരയിലെ കഫറ്റേറിയയിലെത്തിയശേഷം പണം മോഷ്ടിച്ച് സ്കൂട്ടറില്‍ത്തന്നെ മടങ്ങിയെന്നും ഇയാള്‍ പറയുന്നു.
ആലപ്പുഴയില്‍ നിന്നു ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും മോഷണത്തിനുശേഷം മടക്കയാത്രയില്‍ പെട്രോള്‍ തീര്‍ന്നതോടെ വഴിയില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ മൊഴി നല്കി.
എന്നാല്‍ സ്കൂട്ടര്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മോഷണമുതലായ 4.25 ലക്ഷം രൂപ വെറും 8 ദിവസംകൊണ്ട് ഇയാള്‍ ധൂര്‍ത്തടിച്ചു കളഞ്ഞുവെന്നുള്ളതും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്നില്ല. ഒരു ഇന്നോവ കാര്‍ റെന്റിനെടുത്ത് പ്രതി കേരളത്തിലുടനീളം കറങ്ങിയെന്നുള്ളത് വാസ്തവമാണെന്നു പോലീസ് പറഞ്ഞു.
ആഡംബരജീവിതമെന്ന ആഗ്രഹമാണ് പണം മോഷ്ടിക്കാന്‍ മുഹമ്മദ് അബ്ദുള്‍ ഹാദിക്ക് പ്രചോദനമായത്. അടുത്തമാസം ആദ്യ ആഴ്ചതന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തിയാല്‍ മാത്രമേ മോഷണത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളൂവെന്ന് പൂജപ്പുര എസ്ഐ പറഞ്ഞു.