വയോധികനു മർദനം; ഓട്ടോഡ്രൈവറെ തെരയുന്നു
1588119
Sunday, August 31, 2025 6:45 AM IST
പേരൂര്‍ക്കട: വയോധികനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവര്‍ക്കെതിരേ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു. വള്ളക്കടവ് വയ്യാമൂല സ്വദേശി ദീപു (39) വിനെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വട്ടിയൂര്‍ക്കാവ് ജംഗ്ഷനില്‍ ദീപു തന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടശേഷം 60 വയസുകാരനായ ഒരു വയോധികനെ മർദിക്കുകയായിരുന്നു. ഈ സംഭവം കണ്ടുനിന്ന ഒരാളാണ് വിവരം വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ അറിയിച്ചത്.
ദൃക്സാക്ഷി നല്കിയ വിവരങ്ങള്‍ വച്ച് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓട്ടോഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. വയോധികനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് കണ്ടുനിന്നയാള്‍ പോലീസിനോടു പറഞ്ഞത്.
മര്‍ദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മര്‍ദനമേറ്റയാളെ പിന്നീട് കണ്ടിട്ടുമില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി വട്ടിയൂര്‍ക്കാവ് എസ്ഐ അറിയിച്ചു.