കോവളം - കാരോട് ബൈപ്പാസിൽ രണ്ടാം ദിവസവും അപകടം
1588118
Sunday, August 31, 2025 6:45 AM IST
റോഡിന്റെ അശാസ്ത്രീയതയെന്ന് ആക്ഷേപം
വിഴിഞ്ഞം : നാട്ടുകാർക്ക് തലവേദനയായി കോവളം - കാരോട് ബൈപ്പാസിൽ തുടർച്ചയായി രണ്ടാം ദിവസവും അപകടം. വെള്ളക്കെട്ട് കണ്ടു വലിയ കുഴിയെന്നു കരുതി വെട്ടിച്ച കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. കോളേജ് വിദ്യാർഥികൾ അടങ്ങിയ ആറംഗ സംഘം പരിക്കുകളോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം.
റോഡിൽനിന്ന് തെന്നിമാറി ഡിവൈഡറിലും റോഡിലുമായി തലകീഴെക്കിടന്ന കാറിൽനിന്നു നാട്ടുകാരും മറ്റു വാഹന യാത്രക്കാരുമാണു തലയ്ക്കും കൈക്കും ദേഹത്തും പരിക്കേറ്റു കുടുങ്ങിക്കിടന്ന തമിഴ്നാട് തക്കലയിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർഥികളെ പുറത്തെടുത്തത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിക്കും മുക്കോലക്കും ഇടയിലായിരുന്നു അപകടം.
ഫയർഫോഴ്സ് അധികൃതരെത്തി കാർ ഉയർത്തി മാറ്റിയാണു ഗതാഗതം സുഗമമാക്കിയത്. ഇതിനു സമീപമാണ് വ്യാഴാഴ്ച വൈകുന്നേരം നിയന്ത്രണം തെറ്റിയ കാർ ബൈക്കും സ്കൂട്ടറും ഇടിച്ച് തെറിപ്പിച്ച സംഭവമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിന്റെ ഞെട്ടൽ മാറുന്നതിനു മുന്പാണു വീണ്ടും അപകടമുണ്ടായത്. കോവളത്തിനും പുന്നക്കുളത്തിനുമിടയിൽ ആറു മാസത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
ബൈപ്പാസ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിനു മുൻപ് തന്നെ റോഡിൽ ആദ്യ രക്തസാക്ഷിയുണ്ടായതും ഇവിടെയാണ്. അടച്ചിട്ടിരുന്ന ഭാഗത്തുകൂടി യുവാക്കൾ ഓടിച്ചു വന്നബൈക്ക് സായാഹ്ന നടത്തത്തിനു വന്നവരുടെ മേൽ ഇടിച്ച് കയറി രണ്ട് പേരുടെ ജീവൻ നഷ്ടമായ സംഭവത്തോടെ ഇവിടം നാട്ടുകാരുടെ പേടിസ്വപ്നമായി. നിരന്തരംഅപകടങ്ങൾ ഉണ്ടായി ബൈപ്പാസ് കുരുതിക്കളമാകുന്നതു നാട്ടുകാർക്കു തലവേദനയായെങ്കിലും അധികൃതർക്ക് അനക്കമില്ല.
കനത്ത മഴയില്ലായിരുന്ന സമയത്തെ റോഡിലെ വെള്ളക്കെട്ടും സംശയത്തിനിടവരുത്തി. ഉയരത്തിൽ മണ്ണിട്ടു നികത്തി കെട്ടിപ്പൊക്കിയ റോഡിന്റെ നിർമാണത്തകരാറാകാം വെള്ളക്കെട്ടിനു കാരണമെന്നു നാട്ടുകാർ പറയുന്നു. ഉദ്ഘാടനത്തിനു പോലും കാത്തു നിൽക്കാതെ ഗതാഗതത്തിന് തുറന്നു നൽകിയ റോഡിൽ നാലു മാസം മുൻപും ടാറിംഗ് നടത്തിയിരുന്നു. അതിന് ശേഷവും ഇവിടെ വന്ന ചരിവാകാം വെള്ളം കെട്ടാൻ വഴി തെളിച്ചതെന്നും പറയപ്പെടുന്നു.
പാലങ്ങൾ നിർമിക്കേണ്ട ചതുപ്പ് നിലങ്ങൾ സിമന്റു സ്ലാബുകൾ കൊണ്ട കെട്ടിപ്പൊക്കി മണ്ണിട്ട് ഉയരത്തിൽ നിർമിച്ച ബൈപാസിനെക്കുറിച്ച് തടക്കത്തിലെ പരാതികൾ ഉയർന്നിരുന്നു. പല ഭാഗങ്ങളിലെയും അറ്റകുറ്റപ്പണികൾ അവസാനമില്ലാതെ തുടരുന്നത് ജനത്തിന്റെ സംശയം ബലപ്പെടുന്നതിനും കാരണമായിട്ടുണ്ട്.