യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പിണറായി സർക്കാർ അട്ടിമറിക്കുന്നത് പ്രതിഷേധാർഹം : വി.എസ്.ശിവകുമാർ
1532594
Thursday, March 13, 2025 6:56 AM IST
നെടുമങ്ങാട് : യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനകീയ പദ്ധതികൾ പിണറായി സർക്കാർ അട്ടിമറിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാർ.
ഉമ്മൻ ചാണ്ടി സർക്കാർ അറുപത് കോടി രൂപ മുടക്കി നിർമാണ പ്രവർത്തനം ആരംഭിച്ച നന്ദിയോട് - ആനാട് കുടിവെള്ള പദ്ധതിയും ഇന്ദിരാഗാന്ധിയുടെ പേരിൽ തിരുവനന്തപുരത്ത് ആരംഭം കുറിച്ച രണ്ടാമത് മെഡിക്കൽ കോളജും അട്ടിമറിച്ചതും ഇതിന്റെ തെളിവാണന്നും അദ്ദേഹം പറഞ്ഞു.
നന്ദിയോട് - ആനാട് കുടിവെള്ള പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് - മൂഴിമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ അധ്യക്ഷത വഹിച്ചു.
മുൻ കെപിസിസി മെമ്പർ ആനാട് ജയൻ, ഡിസിസി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ, മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടമ്പള്ളി സനൽ തുടങ്ങിയവർ പ്രസംഗിച്ചു.