രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ന്നിരിക്കുന്നു: തുഷാര്‍ഗാന്ധി
1532579
Thursday, March 13, 2025 6:45 AM IST
നെയ്യാറ്റിന്‍കര : രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ന്നിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും മഹാത്മാഗാന്ധിയുടെ ചെറുമകന് തുഷാര്‍ഗാന്ധി. ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച തുഷാര്‍ഗാന്ധിക്കെതിരെ നഗരസഭ ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
മുതിർന്ന ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയർമാനുമായിരുന്ന പി. ഗോപിനാഥൻനായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. തുടര്‍ന്നു ചേര്‍ന്ന ചടങ്ങില്‍ ദണ്ഡി യാത്രയുടെയും ഉപ്പു സത്യാഗ്രഹത്തിന്റെയും വാർഷികാചരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഗാന്ധിയന്‍ പി. ഗോപിനാഥൻനായരുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണനു സമ്മാനിച്ചു. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ ബി. ജയചന്ദ്രൻനായര്‍ അധ്യക്ഷനായ ചടങ്ങില്‍ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരുടെ ഭാര്യ സരസ്വതിയമ്മ, നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, പാച്ചല്ലൂര്‍ അബ്ദുള്‍ സലാം മൗലവി, അതിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അനിത, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ ഷിബു, കെല്‍പാം ചെയര്മാന് സുരേഷ് കുമാര്‍, അഡ്വ. കാട്ടാക്കട അനില്‍ എന്നിവര്‍ സംബന്ധിച്ചു.
തുഷാര്‍ ഗാന്ധി സമ്മേളന വേദിയില്‍ നിന്നും വാഹനത്തിലേയ്ക്ക് വരുന്നതിനിടയിലാണ് ബിജെപി കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷിന്റെയും നേതാവ് കൃഷ്ണകുമാറിന്റെയും നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞത്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന അദ്ദേഹത്തിന്റെ പ്രതികരണം അറിഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി.
ഗാന്ധിജി അനുകൂല മുദ്രാവാക്യം ഉറക്കെ വിളിച്ച് തുഷാര്‍ ഗാന്ധി പ്രവര്‍ത്തകരെ കടന്നു കാറിലേയ്ക്ക് കയറി. ഇതിനിടയില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിക്കും തുഷാര്‍ഗാന്ധിക്കും ജയ് വിളിച്ചു. ഡോ. എന്‍ രാധാകൃഷ്ണനും അഡ്വ. ബി. ജയചന്ദ്രന്നായരും ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കാന്‍ ശ്രമിക്കുകയും തുഷാര്‍ ഗാന്ധിയെ യാത്രയാക്കുകയും ചെയ്തു.