തുണിസഞ്ചി യൂണിറ്റിന് തുടക്കം കുറിച്ചു
1532591
Thursday, March 13, 2025 6:56 AM IST
കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ജ്വാല പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് തുണിസഞ്ചി യൂണിറ്റിന് തുടക്കം കുറിച്ചു. 10 വനിതകൾ ചേർന്നാണ് തുണിസഞ്ചി യൂണിറ്റായി പ്രവർത്തിക്കുന്നത്. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ തുണി സഞ്ചിയുടെ ഒരു സ്റ്റാൾ ക്രമീകരിച്ചിട്ടുണ്ട്.
ഐ.ബി.സതീഷ് എംഎൽഎ ആദ്യ വില്പന ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ ജ്വാല പദ്ധതിയുടെ ബ്രോഷർ ജില്ലാ വനിത ശിശു വികസന ഓഫീസർ തസ്നീമിന് നൽകി പ്രകാശനം നിർവഹിച്ചു. മാറനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവല്ലി, ഐസിഡിഎസ് സൂപ്പർവൈസർ റിനി തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റാളിൽ 10 രൂപ മുതൽ 60 രൂപ വരെ വിലയുള്ള തുണി സഞ്ചികൾ വിൽപനയ്ക്കായി ഒരുക്കിയിട്ടുണ്ട്. മാറനല്ലൂർ പഞ്ചായത്തിലെ ജ്വാല പദ്ധതിയും മിഷൻ ശക്തി- ഡിസ്ട്രിക്ട് സങ്കല്പും സംയുക്തമായാണ് തുണി സഞ്ചി വിപണന മേള ഒരുക്കിയിരിക്കുന്നത്.