ശ്രീകാര്യം ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസിന് ഹരിത കാമ്പസ് സർട്ടിഫിക്കേഷൻ
1532583
Thursday, March 13, 2025 6:45 AM IST
തിരുവനന്തപുരം: ശ്രീകാര്യം ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണോമസ്), ഹരിതകേരള മിഷന്റെ ഹരിത കാമ്പസ് സർട്ടിഫിക്കേഷനിൽ, ഉയർന്ന ഗ്രേഡായ എ+ ലഭിച്ചു.
കോളജിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും -ശുചിത്വ കേരളം സുസ്ഥിര കേരളം- എന്നുള്ള ഹരിത കേരളം മിഷന്റെ സന്ദേശത്തെക്കുറിച്ചുള്ള ബോധവത്കരണം നൽകിയും പരിസര ശുചീകരണം പാലിച്ചുമാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.
ലൊയോള കോളജിൽ കാമ്പസിലെ ഹരിതാവസ്ഥയും മാലിന്യ നിർമാർജനവും ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ എല്ലാ ബുധനാഴ്ചയും ക്യാമ്പസ് ശുചീകരണ പ്രവർത്തനം നടത്തുന്നുണ്ട്. പ്ലാസ്റ്റിക് ഫ്രീ കാന്പസായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതു കൂടാതെ, ഭൂമിത്രസേന ക്ലബിന്റെ പ്രവർത്തനങ്ങളും സജീവമാണ്.
ജൈവവൈവിധ്യ സംരക്ഷണത്തിനായി മിയാവാക്കി വനവും കോളജിൽ പരിപാലിക്കുന്നുണ്ട്. സാമൂഹ്യശാസ്ത്ര സ്ഥാപനമെന്ന നിലയിൽ മാലിന്യ സംസ്കരണ അവബോധം വളർത്തുന്നതിൽ ക്ലീനിംഗ് ക്യാമ്പുകൾ, തെരുവ് നാടകങ്ങൾ എന്നിവ നടത്തുന്നതിനും കോളജ് സജീവമാണ്. ഹരിതകേരളം മിഷൻ പ്രോഗ്രാം ഓഫീസർ അജയകുമാർ, പ്രിൻസിപ്പൽ ഡോ. സാബു പി. തോമസിന് ഹരിത കലാലയ സർട്ടിഫിക്കറ്റ് കൈമാറി.
ഉള്ളൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ സുനിത, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷംല ഇർഷാദ്, ഷൈനി, വിബിൻലസ്, നവകേരളം കർമ്മപദ്ധതി ആർപി എൻ. റസീന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. നിഷ ജോളി നെൽസൺ, ഭൂമിത്രസേന ക്ലബ് കോ-ഓർഡിനേറ്റർ ഡോ. ജോയ്സ് കെ. ജോസഫ് എന്നിവർ പങ്കെടുത്തു.