ഭക്തിയുടെ പൊങ്കാലയിൽ അലിയാൻ അനന്തപുരി
1532577
Thursday, March 13, 2025 6:45 AM IST
ആറ്റുകാലിലേക്ക് ഭക്തരുടെ പ്രവാഹം; പൊങ്കാല ഇന്ന്
തിരുവനന്തപുരം: പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഭക്തിയുടെ തലസ്ഥാനമായി അനന്തപുരി. ആറ്റുകാൽ ക്ഷേത്രത്തിനു കിലോമീറ്ററുകൾ അകലെയും പ്രധാന വീഥികളിലും ഇടവഴികളിലുമെല്ലാം അടുപ്പുകൾ നിരന്നു. ഇനി പൊങ്കാല അടുപ്പിൽ തീ പകരാനുള്ള കാത്തിരിപ്പിലാണ് ഭക്തർ.
പൊങ്കാലക്കലങ്ങളും മറ്റു സാമഗ്രികളും വാങ്ങാനുള്ള ഭക്തരുടെ തിരക്കായിരുന്നു ഇന്നലെ നഗത്തിലെങ്ങും. റസിഡൻസ് അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തരെ സഹായിക്കുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങി. പൊങ്കാലയ്ക്കുള്ള മണ്കലങ്ങളുടെ വിൽപ്പനയും ഇഷ്ടികയുടെ വിൽപ്പനയും വിവിധ കേന്ദ്രങ്ങളിൽ നടന്നു വരുന്നു.
ഒരാഴ്ചയായി പൊങ്കാല ഉത്സവത്തിന്റെ തിരക്കിലായ ആറ്റുകാൽ ക്ഷേത്രം പൊങ്കാലയർപ്പിക്കാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തരുടെ വരവു കൂടിയായതോടെ തിരക്കിന്റെ മൂർധന്യത്തിലമർന്നു. ക്ഷേത്രത്തിന്റെ അഞ്ചര കിലോമീറ്റർ ചുറ്റളവിൽ ഇക്കുറി പൊങ്കാല അടുപ്പുകൾ നിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ഐരാണിമുട്ടം, ബണ്ട് റോഡ്, കാലടി, കരമന, കിള്ളിപ്പാലം, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം തുടങ്ങി ക്ഷേത്രത്തോട് അടുത്ത സ്ഥലങ്ങളിലും കിഴക്കേകോട്ട മുതൽ കേശവദാസപുരം വരെയുള്ള എംജി റോഡിലുമായിരിക്കും കൂടുതൽ അടുപ്പുകൾ നിരക്കുക. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും ഭക്തർ അടുപ്പുകൂട്ടി കാത്തിരിപ്പു തുടരുകയാണ്.
പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: അന്തരീക്ഷ താപനില കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും പൊങ്കാലയിടുന്നവർ ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പൊങ്കാലയടുപ്പിനു സമീപം സാനിറ്റൈസർ, ബോഡി സ് പ്രേ, വിറക്, സഞ്ചികൾ എന്നിവ സൂക്ഷിക്കരുത്.തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.
ചുറ്റുമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്.
ആശാ പ്രവർത്തകർ 100 കലത്തിൽ പൊങ്കാലയിടും
തിരുവനന്തപുരം: സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്നതിനായി ആശ പ്രവർത്തകർ 100 കലത്തിൽ പൊങ്കാലയിടും. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിലാണ് പൊങ്കാല അടുപ്പുകൾ തയാറാക്കുക. 101 പേർക്ക് പൊങ്കാലയിടാനുള്ള കിറ്റ് കേന്ദ്ര മന്ത്രി സുരേഷ്ഗോപി ഇന്നലെ എത്തിച്ചുനൽകി.
അരി, ശർക്കര, ഏലക്ക, തേങ്ങ, മുന്തിരി, പഴം എന്നിവയാണ് കിറ്റിലുള്ളത്. ഇന്നലെ ഉച്ചയോടെയാണ് പൊങ്കാലയക്കുള്ള കിറ്റുകൾ എത്തിയച്ചത്.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മഹിളാ സമന്വയം സംസ്ഥാന സംയോജക അഡ്വ. ജി. അഞ്ജന ദേവീ, ബിജെപി സിറ്റി മണ്ഡലം പ്രസിഡന്റ് ചിഞ്ചു സുമേഷ്, സിന്ധുഗോപൻ, സുകന്യ, ചിത്ര തുടങ്ങിയവരടങ്ങുന്ന സംഘം സുരേഷ് ഗോപി നൽകിയ കിറ്റ് ആശാ പ്രവർത്തകർക്കു കൈമാറി.
ഇന്നലെ രാവിലെയും സുരേഷ് ഗോപി സമരപന്തലിലെത്തി ആശാ പ്രവർത്തകരെ കണ്ടിരുന്നു. ഭാര്യ രാധികയും ഒപ്പമുണ്ടായിരുന്നു.
ആറ്റുകാലില്‍ ഇന്ന്
രാവിലെ 4.30ന് പള്ളിയുണര്‍ത്തല്‍. അഞ്ചിനു നിര്‍മാല്യ ദര്‍ശനം. 6.05ന് ദീപാരാധന. 6.40ന് ഉഷപൂജ, ദീപാരാധന. 8.30ന് പന്തീരടി പൂജ, ദീപാരാധന. 9.45ന് ശുദ്ധ പുണ്യാഹം.10.15ന് അടുപ്പുവെട്ട് പൊങ്കാല.1.15ന് ഉച്ചപൂജ, പൊങ്കാല നിവേദ്യം. വൈകുന്നേരം 6.45ന് ദീപാരാധന. 7.45 ന് കുത്തിയോട്ടം, ചൂരല്‍ക്കുത്ത്. 11.15ന് എഴുന്നള്ളിപ്പ്.