വായന അനിവാര്യമാവുന്ന കാലം: മന്ത്രി സജി ചെറിയാൻ
1532582
Thursday, March 13, 2025 6:45 AM IST
തിരുവനന്തപുരം; പുതിയ തലമുറയെ വായനയിലേക്കെത്തിക്കുന്നത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മന്ത്രി സജി ചെറിയാൻ. സമൂഹം ഇന്നു അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികൾക്കുമുള്ള പ്രതിവിധിയായി വായനയെ കാണണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന ബുക്ക് മാർക്ക് ആരംഭിച്ച ബുക്ക് വെൻഡിംഗ് മെഷീന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൈരളി തീയറ്റർ സമുച്ചയത്തിൽ സ്ഥാപിച്ചിരിക്കുന്ന ബുക്ക് വെൻഡിംഗ് മെഷീനിൽനിന്നും പുസ്തകം ഗൂഗിൾ പേ വഴി എടുത്തുകൊണ്ടാണ് സജി ചെറിയാൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.
സമകാലിക സാഹചര്യത്തിൽ വായനയുടെ പ്രസക്തി രക്ഷിതാക്കളും അധ്യാപകരും യുവതലമുറയും തിരിച്ചറിയേണ്ടതുണ്ട്. സജി ചെറിയാൻ പറഞ്ഞു.
പുസ്തക വിപണനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ആധുനിക സംവിധാനമുണ്ടാകുന്നത്. വായനക്കാരന്റെ ആവശ്യാനുസരണം വേഗത്തിൽ വെൻഡിംഗ് മെഷീൻവഴി പുസ്തകം ലഭിക്കുന്നത് ഈ രംഗത്ത് ഏറെ പ്രതീക്ഷ നല്കുന്നുണ്ട്. സാമൂഹ്യമാറ്റത്തിനും മുന്നേറ്റത്തിനും ഉതകുന്ന ഇത്തരം നൂതന സംരംഭങ്ങൾക്കു സാംസ്കാരിക വകുപ്പിന്റെ പിന്തുണ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു.
പുതിയ തലമുറയെ വായനയിലേക്കു അടുപ്പിക്കുവാനും അതുവഴി സമൂഹത്തിൽ ക്രിയാത്മകമായ മാറ്റം വരുത്തുവാനും ആണ് ബുക്ക് വെൻഡിംഗ് മെഷീൻ സംവിധാനത്തിനു തുടക്കം കുറിച്ചതെന്ന് ബുക്ക് മാർക്ക് സെക്രട്ടറിയും എഴുത്തുകാരനുമായ ഏബ്രഹാം മാത്യു പറഞ്ഞു.
എഴുത്തുകാരായ വിനു ഏബ്രഹാം, സി. റഹിം, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ എന്നിവർ പ്രസംഗിച്ചു. ഗൂഗിൾ പേയിലൂടെയാണ് വെൻഡിംഗ് മെഷീനിലെ പുസ്തകം വായനക്കാർക്ക് ലഭ്യമാകുന്നത്. യുപിഐ ആപ്പിലൂടെ മെഷീനിലെ പുസ്തകങ്ങൾ വായനക്കാർക്കു തെരഞ്ഞെടുക്കാം.
ഒരു സമയത്ത് 25 പുസ്തകങ്ങളുടെ അഞ്ച് കോപ്പികൾ വീതമാണ് മെഷീനിൽ ഉണ്ടായിരിക്കുക. ഒരേസമയത്തു മൂന്നു പുസ്തകങ്ങൾ വരെ വാങ്ങാവുന്നതാണ്. മലയാളം, ഇംഗ്ലീഷ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഭാഷകളിലെയും സാഹിത്യം, വൈജ്ഞാനികം തുടങ്ങി എല്ലാത്തരം പുസ്തകങ്ങളും ബുക്ക് വെൻഡിംഗ് മെഷീനിലൂടെ ലഭിക്കും.