സുരക്ഷയ്ക്കായി 4500 പോലീസുകാർ
1532578
Thursday, March 13, 2025 6:45 AM IST
തിരുവനന്തപുരം: പൊങ്കാല പ്രമാണിച്ച് നഗരത്തിൽ സുരക്ഷയ്ക്കായി 4500 പോലീസ് ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ നിന്നും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 300 ലധികം അഗ്നിരക്ഷാ സേന അംഗങ്ങളും കർമ്മനിരതരായിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തുമായി നൂറോളം സിസിടിവി ക്യാമറകൾ സജ്ജമാക്കി 24 മണിക്കൂറും നിരീക്ഷണം നടത്തും. സ്മാർട്ട് സിറ്റി കണ്ട്രോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള 847 ക്യാമറകളിലൂടെ നഗരത്തിന്റെ വിവിധ മേഖലകൾ 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിലായിരിക്കും.
ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഡോക്ടമാരും സ്റ്റാഫ് നഴ്സുമാരുമടങ്ങിയ ഈ ടീമിൽ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കനിവ് 108ന്റെ 11 ആംബുലൻസുകൾ, ബൈക്ക് ഫസ്റ്റ് റസ്പോണ്ടർ, ഐസിയു ആംബുലൻസ്, മറ്റ് വകുപ്പുകളുടെ 10 ആംബുലൻസുകൾ, സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാല മേഖലകളിൽ താത്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.
കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ഒരു സമയം 8000 പേർക്ക് ദർശനത്തിനായി ക്യൂ നിൽക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർ എന്നിവർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പുലർച്ചെ 2.30 മുതൽ കഐസ്ആർടിസിയുടെ അഞ്ഞൂറോളം ബസുകൾ സർവീസ് നടത്തും പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കഐസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. കിഴക്കേക്കോട്ട, തന്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കൂടുതൽ സർവീസുകൾ പുറപ്പെടുന്നത്.