വിസ്മയ കാഴ്ചകളൊരുക്കി വിഴിഞ്ഞം തുറമുഖം
1497441
Wednesday, January 22, 2025 7:19 AM IST
വിഴിഞ്ഞം: ഉത്സവപ്പറമ്പിലെ ദീപാലങ്കരം പോലെ കടൽത്തീരം. കണ്ണിനും മനസിനും കുളിർമ്മയേകി മാസ്മരികമായ അന്തരീക്ഷത്തിൽ വിഴിഞ്ഞംഅന്താരാഷ്ട്ര തുറമുഖം. രാത്രിക്കാഴ്ചയിൽ കടലിൽ നിർമിച്ച ഒരു കൊട്ടാര സദൃശ്യം. നിരന്തരമായി ചരക്കുകളുമായി അടുക്കുന്ന കണ്ടെയ്നർ കപ്പലുകളിൽനിന്നു തെളിയുന്ന പ്രകാശവും തുറമുഖത്ത് സ്ഥാപിച്ച നാല് കൂറ്റൻ ക്രെയിനുകളിൽ നിന്നുള്ള അൾട്ര വയലറ്റ് കിരണങ്ങളും ഹാലജൻ ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളുമെല്ലാമാണ് രാത്രി കാലത്ത് കാഴ്ചക്കാർക്ക് വിസ്മയമൊരുക്കുന്നത്.
കിലോമീറ്ററുകൾക്കപ്പുറം ഉൾക്കടൽ സഞ്ചാരികൾക്കും ആകാശമാർഗം സഞ്ചരിക്കുന്ന വിമാനയാത്രികർക്കുപോലും വിഴിഞ്ഞം തുറമുഖത്തിന്റെ മാസ്മരികതനുകരാം. നൂറുമീറ്റർ ഉയരത്തിൽ തല ഉയർത്തിനിൽക്കുന്ന ക്രെയിനുകളിലെ വിവിധതരം ലൈറ്റുകളിൽ നിന്നുള്ള പ്രകാശം ആകാശത്തിൽ പൂത്തിരി കത്തുന്ന പ്രതീതിയാണുണ്ടാക്കു ന്നത്. ഇവ നേരിൽ കാണാൻ അനുവാദമില്ലെങ്കിലും കിലോമീറ്ററുകൾക്കപ്പുറം ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും പൊതുജനത്തിനു കണ്ടാസ്വദിക്കാം.
ഇന്ത്യയിൽ മറ്റൊരു തുറമുഖത്തിനുമില്ലാത്തൊരു അലങ്കാര ഭാഗ്യമാണ് അന്താരാഷ്ട്ര നിലവാരത്തിലെത്തിയ വിഴിഞ്ഞത്തിനു കൈവന്നത്. ലോകത്തിൽ തന്നെ ഇത്തരം അപൂർവ അഭിമാന നേട്ടം കൈവരിക്കുന്ന ഒന്നായി വിഴിഞ്ഞം മാറി. ഇന്റർനാഷണൽ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് അംഗീകരിച്ച രീതിയിൽ തുറമുഖം പകൽ പോലെ പ്രകാശപൂരിതമായിരിക്കണമെന്നു വ്യവസ്ഥയുണ്ട്.
ലോകത്തെ ഏറ്റവും വലിയ തുറമുഖത്തോടൊപ്പം കിടപിടിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു. വരും ദിവസങ്ങളിൽ തുറമുഖം കൂടുതൽ പ്രകാശപൂരിതമാകും. എണ്ണൂറ് മീറ്റർ നീളമുള്ള യാർഡ് നിർമാാണം പൂർത്തിയായെങ്കിലും ലൈറ്റുകളുടെ സ്ഥാപനമുൾപ്പെടെയുള്ള കാര്യങ്ങൾ എൻപത് ശതമാനത്തോളം നടന്നതായാണറിവ്. ഇവ കൂടി യാഥാർത്ഥ്യമായാൽ വിഴിഞ്ഞം തീരത്തിൻ്റെ രാത്രികാല സൗന്ദര്യം കൂടുതൽ വർദ്ധിക്കുമെന്ന് ഉറപ്പായി.