മഴയുടെ അനുരാഗം ഒഴുകിപ്പടർന്നു... സൂര്യാ മേളയ്ക്ക് സമാപനം
1497440
Wednesday, January 22, 2025 7:19 AM IST
തിരുവനന്തപുരം: ആത്മാവിനെ പോലും കുളിരണിയിച്ചുകൊണ്ട് മഴ തിമിർത്തു പെയ്യുന്ന അനുഭവം; മഴ നക്ഷത്രങ്ങൾ പ്രസാദിക്കുന്ന ദിവ്യാനുഭൂതി, വരൾച്ച വിതച്ച വ്യതാസുരനെ വധിച്ചുകൊണ്ട് ഇന്ദ്രൻ പുഴകളെ മുക്തമാക്കിയതിന്റെ ചാരിതാർഥ്യം.... പിന്നെ ശ്രീകൃഷ്ണ പ്രണയം മഴയായി പെയ്തു നിറഞ്ഞ നിമിഷങ്ങൾ, അമൃതവർഷിണി രാഗത്തിന്റെ സുഖദ ശീതളിമ....
നൂറ്റിപ്പതിനൊന്നു ദിവസം നീണ്ട 47-ാമത് സൂര്യാ മേളയ്ക്ക് ഇന്നലെ ചലച്ചിത്ര താരവും നർത്തകിയുമായ രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിച്ച മണ്‍സൂണ്‍ അനുരാഗ എന്ന കുച്ചിപ്പുടി നൃത്തശില്പത്തോടെ സമാപനം. തൈക്കാട് ഗണേശത്തിലായിരുന്നു ഗ്രാന്റ് ഫിനാലെ.
പ്രകൃതിയും മനുഷ്യനുമായുള്ള ആത്മലയമെന്നപോലെ ആകാശം ചൊരിയുന്ന അമൃത ബിന്ദുക്കൾ സദസ്യരെ അക്ഷരാർഥത്തിൽ അനുഭവിപ്പിക്കുകയായിരുന്നു മണ്‍സൂണ്‍ അനുരാഗ.
എത്ര കണ്ടാലും മതിവരാത്ത മഴയെ കുറിച്ചുള്ള വർണന സൂപ്പർതാരം മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ് സദസ് കേട്ടത്.
മഴ നക്ഷത്രങ്ങളെ പ്രസാദിപ്പിച്ചുകൊണ്ടുള്ള പ്രാർഥനയ്ക്കൊപ്പം ചുവടുവച്ചാണ് രചന നാരായണൻകുട്ടിയും നർത്തകിമാരും അരങ്ങിലെത്തിയത്. തുടർന്ന് നീരൊഴുക്കുകളെ മുഴുവൻ ബന്ധനത്തിലാക്കിയ വൃത്രാസുരനായി രചന നാരായണൻകുട്ടി അത്ഭുതകരമായ പ്രകടനം കാഴ്ചവച്ചു.
മഴദേവനായ ദേവേന്ദ്രൻ വൃത്രാസുരനെ വധിച്ച് പുഴകളെ മോചിപ്പിക്കുന്പോൾ ഭൂമി ലാസ്യവതിയാവുകയാണ്. ശ്രീകൃഷ്ണന്റെ ഗോവർധനോദ്ധാരണ രംഗവും മഴച്ചാർത്തുപോലെ അനുഭവപ്പെട്ടു. പ്രളയ മഴയിൽ നിന്നും വൃന്ദാവന നിവാസികളെ രക്ഷിക്കുവാൻ ഏഴു രാപകലുകൾ ഗോവർധന പർവതത്തെ ചെറുവിരലിൽ ഉയർത്തിപിടിക്കുന്ന ശ്രീകൃഷ്ണനായും രചന നാരായണൻകുട്ടി മാറി.
മഴ പെയ്യുന്പോൾ ശ്രീകൃഷ്ണൻ അരികിൽ അണയുകയും ഭക്തമീര വർണമയിലായി മാറുകയും ചെയ്യുന്ന രംഗവും അരങ്ങിൽ കണ്ടു. ഏട്ടയ്യാപുരം എന്ന ഗ്രാമത്തിലെ വൻവരൾച്ച മാറ്റുവാൻ ആനന്ദാമൃതാകർഷിണി അമൃത വർഷിണി... എന്ന അമൃത വർഷിണി രാഗത്തിലെ ഭവാനിസ്തുതി പാടി മഴ പെയ്യിക്കുന്ന മുത്തുസ്വാമി ദീക്ഷിതരുടെ പ്രാർഥനയോടെയായിരുന്നു സമാപനം.
ഗ്രാമവാസികളുടെ ദാഹം ശമിപ്പിക്കുവാൻ ആകാശത്തോട് വർഷയ...വർഷയ എന്ന് മഹാസംഗീതജ്ഞൻ പ്രാർഥിക്കുന്ന രംഗവും തുടർന്നുള്ള പേമാരിയും മറക്കുവാൻ കഴിയാത്തതായി. രചന നാരായണൻകുട്ടിയുടെതായിരുന്നു ആശയവും ആവിഷ്കാരവും.