ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് പരിസമാപ്തി
1496492
Sunday, January 19, 2025 6:02 AM IST
നെയ്യാറ്റിന്‍കര: സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെ മാത്രമല്ല ആത്മവിശ്വാസത്തോടെയും സര്‍ഗാത്മകതയോടെയും നയിക്കാന്‍ സാധിക്കുന്ന സമര്‍ഥരായ വ്യക്തിത്വങ്ങളെയും വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയേയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ 45-ാമത് സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ചിത്രകാരനും ശില്പ്പിയുമായ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ ഡാര്വിന്, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ആര് ഷാലിജ്, ഡെപ്യൂട്ടി ഡയറക്ടര്‍ എ. സുല്‍ഫിക്കര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്ഡേവിസ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുമാര്‍, കുളത്തൂര്‍ പഞ്ചായത്ത് അംഗം വി. രാജി, സ്പെഷല്‍ ഓഫീസര്‍ കെ.എസ്. കിരണ്‍, പിടിഎ വൈസ് പ്രസിഡന്റ് എസ്. ബൈജു, ടിഎച്ച്എസ് സൂപ്രണ്ട് എ. ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു. കൊക്കൂര്‍ ഗവ. ടി.എച്ച്.എസ്സിനാണ് ഓവറോള്‍ കിരീടം. കൊടുങ്ങല്ലൂര്‍ ഗവ. ടിഎച്ച്എസ് രണ്ടും ഷൊര്‍ണ്ണൂര്‍ ഗവ. ടിഎച്ച്എസ് മൂന്നും സ്ഥാനങ്ങൾ നേടി.
സാഹിത്യമത്സരങ്ങളില് ഷൊര്‍ണൂര്‍ ഗവ. ടിഎച്ച്എസ് ഓവറോള്‍ വിജയികളായി. കോഴിക്കോട് ഗവ. ടിഎച്ച്എസിലെ സി. ഹനീന് റഫീക്ക് മികച്ച നടനും വടകര ഗവ. ടിഎച്ച്എസിലെ എ. ആന്മിയ മികച്ച നടിയുമായി. ഇരുവർക്കും പുരസ്കാരം നൽകി.