കൊക്കൂര്‍ ഗവ. ടിഎച്ച്എസ് കിരീടം സ്വീകരിച്ചു... നിറകണ്ണുകളോടെ...
1496489
Sunday, January 19, 2025 6:02 AM IST
നെയ്യാറ്റിന്‍കര: ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് സ്വീകരിക്കുന്പോള് കൊക്കൂര്‍ ഗവ. ടിഎച്ച്എസിലെ മത്സരാര്ഥികളുടെയും അധ്യാപകരുടെയും ഉള്ളില്‍ സങ്കടക്കടല്‍ അലയടിക്കുകയായിരുന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞു...കൈകള്‍ വിറച്ചു... വേദിയും സദസും നിശ്ശബ്ദമായിരുന്നു.
കൊക്കൂര്‍ ഗവ. ടിഎച്ച്എസിലെ വിദ്യാര്‍ഥി ഷഹബാസ് അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ തോരാകണ്ണീര് സഹപാഠികളായ മത്സരാര്‍ഥികളുടെ ഉള്ളുപൊള്ളിച്ചു. കുളത്തൂരിലെ മത്സരവേദിയിലേയ്ക്ക് കൊക്കൂരില്നിന്നും ഷഹബാസിന്റെ നേതൃത്വത്തിലാണ് കൂട്ടുകാരെ യാത്രയയച്ചത്. കൈവീശിക്കാണിച്ച് മറഞ്ഞ ചങ്ങാതി അടുത്ത ദിവസം വാഹനാപകടത്തില്‍ എന്നെന്നേക്കുമായി ഈ ലോകത്തോടു വിട പറഞ്ഞുവെന്ന വാര്‍ത്ത കൊക്കൂര്‍ ക്യാന്പിനെ അക്ഷരാര്‍ഥത്തില്‍ നടുക്കി.
വിജയിച്ചു മടങ്ങി വരൂ എന്നാശംസിച്ച് യാത്രയയച്ച ഷഹബാസിനു സ്മരണാഞ്ജലി അര്‍പ്പിച്ചാണ് സമാപന സമ്മേളനം ആരംഭിച്ചത്. കൊക്കൂര്‍ സ്കൂളിന്റെ കിരീടനേട്ടം സഹപാഠികള്‍ ആ കൂട്ടുകാരനു സമര്‍പ്പിച്ചു.