ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണം
1496504
Sunday, January 19, 2025 6:10 AM IST
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് നടത്തിവരുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024-25 വര്‍ഷം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
ക്ഷേത്ര നടപന്തലിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 642 രോഗികള്‍ക്ക് 44,05,000 രൂപ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൈമാറി. ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
സാമൂഹിക ക്ഷേമ കമ്മിറ്റി കണ്‍വീനര്‍ ജെ. രാജലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് ആറ്റുകാല്‍ അവാര്‍ഡ് കൗണ്‍സിലര്‍ ആര്. ഉണ്ണികൃഷ്ണന് നായര്‍, ശ്രീചിത്ര മെഡിക്കല്‍ സെന്റർ കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തെറാസിക് സര്‍ജറി മേധാവി വിവേക് വി. പിള്ള, ട്രസ്റ്റ് ട്രഷറര്‍ എം. ഗീതാകുമാരി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണന്‍നായര്‍, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എ.എസ്. അനുമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍പ് 421 വിദ്യാര്‍ഥികള്‍ക്കായി 10,97,345 രൂപ വിദ്യാഭ്യാസ ധനസഹായമായി ആറ്റുകാല്‍ ട്രസ്റ്റ് വിതരണം ചെയ്തിരുന്നു.