കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററെ ഉപരോധിച്ചു
1496494
Sunday, January 19, 2025 6:02 AM IST
ആറ്റിങ്ങൽ: സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിയുടെ തലയ്ക്കു പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെഎസ്യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഗവൺമെന്റ് ഹൈസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററെ ഉപരോധിച്ചു.
കാലപ്പഴക്കമുള്ള കെട്ടിടം അടിയന്തരമായി സർക്കാർ എൻജിനീയറിംഗ് വിഭാഗത്തെക്കൊണ്ടു പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഉപരോധം. സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, പിടിഎ പ്രസിഡന്റ് വിനോദ് തുടങ്ങിയവരുമായി നടത്തിയ ചർച്ചയെ തുടർന്നു ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ അടക്കം ഇടപെടുത്തിച്ചുകൊണ്ട് കിളിമാനൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്കൂളിലെത്തി പരിശോധനകൾ നടത്തി.
പരിശോധന നടത്തിയതിൽ പ്രശ്നമുള്ള ക്ലാസ് മുറികൾ താൽകാലികമായി അടച്ചിടുന്നതിനു തീരുമാനിച്ചു. അടുത്ത ദിവസം തന്നെ എക്സിക്യൂട്ടീവ് എൻജിനിയർ, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം സ്കൂൾ സന്ദർശിച്ച് വിശദമായി പരിശോധിച്ച് അടിയന്തര നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, നിയോജകമണ്ഡലം പ്രസിഡന്റ് എൻ. ഷിജാസ്, ജില്ലാ ജനറൽ സെക്രട്ടറി എം.ടി. അഷ്കർ, ദീപുരാജ്, ബ്ലോക്ക് ഭാരവാഹികളായ എസ്. സാബിത്ത്, എൻ.എസ്. അൽത്താഫ്, വൈ. ബാദുഷ എന്നിവർ നേതൃത്വം നൽകി.