മുല്ലൂർ-കലുങ്ക് നട ജംഗ്ഷനിൽ വിചിത്രരീതിയിൽ ടാറിംഗ്..!
1496493
Sunday, January 19, 2025 6:02 AM IST
വിഴിഞ്ഞം : അതിർത്തി നിർണയംപോലെ റോഡ് ടാറിംഗ്. തകർന്നടിഞ്ഞു കുണ്ടും കുഴിയുമായ ഭാഗത്തെ തിരിഞ്ഞു നോക്കാതെ അധികൃതർ.
വിഴിഞ്ഞം - കളിയിക്കാവിള തീരദേശപാതയിൽ തുറമുഖ കവാടമായ മുല്ലൂർ-കലുങ്ക് നട ജംഗ്ഷനിലാണ് വിചിത്രമായ രീതിയിലുള്ള ടാറിംഗ് നടന്നത്. വിഴിഞ്ഞം മുതൽ മുല്ലൂർവരെ അഞ്ചു കിലോമീറ്ററോളം വരുന്ന ദൂരം കോടികൾ മുടക്കി കഴിഞ്ഞ മാസമാണ് ടാറിംഗ് നടത്തിയത്. എന്നാൽ ജംഗ്ഷനും കഷ്ടിച്ച് നൂറു മീറ്റർ മാറിയുള്ള കൊടുംവളവിൽ അതിർത്തി നിർണയിച്ച് ടാറിംഗ് അവസാനിച്ചു.
തുറമുഖ നിർമാണ സാമഗ്രികളുമായുള്ള ഭാരവാഹനങ്ങളും കൂറ്റൻ ടിപ്പർ ലോറികളും നിരന്തരം കയറിയിറങ്ങുന്ന പ്രധാന ഭാഗമാണ് മുല്ലൂർ. വാഹനങ്ങളുടെ ഓട്ടം കാരണം നേരത്തെതന്നെ റോഡ് തകർന്നു തരിപ്പണമായി വൻ കുഴികൾ രൂപപ്പെട്ടിരുന്നു. ഇതിനോടകം ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ നിരവധി പേർക്കു പരിക്കു പറ്റിയതായി നാട്ടുകാരും പറയുന്നു. തുറമുഖത്തേക്കുള്ള റോഡുപണിയും കലുങ്ക് നിർമാണവും ഇവിടെ പുരോഗമിക്കുന്നുണ്ടെങ്കിലും തൊട്ടരുകിൽ കിടക്കുന്ന റോഡിന്റെ കാര്യത്തിൽ അവർക്കും മിണ്ടാട്ടമില്ല. തുറമുഖത്തേക്കുള്ള ഭാരവാഹനങ്ങളുടെ ഓട്ടമാണ് തകർച്ചക്ക് പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്.
അധികൃതരുടെ അനാസ്ഥ തുടരുന്നതിനിടയിൽ കാൽനടയാത്രക്കുപോലും പറ്റാത്ത അവസ്ഥയിൽ റോഡ് മാറി. ഇരുവശത്തെയും റോഡ് നല്ല രീതിയിലായതിനാൽ വേഗത്തിൽ എത്തുന്നത് വാഹനങ്ങൾ കുഴികൾ കണ്ടു വെട്ടിച്ചുവിട്ടുന്നത് അപകടത്തിനു വഴിവയ്കാറുണ്ട്. ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും.
വൻ അപകടക്കെണിയായ നൂറ് മീറ്ററോളം ഭാഗം മാത്രം അറ്റകുറ്റപ്പണികൾ നടത്താത്ത അധികൃതർക്കെതിരെ ജനരോഷമുയരുകയാണ്. തുറമുഖ അധികൃതരും ദേശീയപാതാ അധികൃതരും തമ്മിലുള്ള യോജിപ്പില്ലായ്മയാണ് റോഡിന്റെ അവസ്ഥയ്ക്കു കാരണമെന്നും നാട്ടുകാർ പറയുന്നു.