18 കോടിയുടെ വാഗ്ദാനം പാഴായി; കാട്ടാക്കട ചന്ത പഴയപടിയിൽ തന്നെ
1496500
Sunday, January 19, 2025 6:10 AM IST
കാട്ടാക്കട: അവഗണയും അനാസ്ഥയും കാരണം കാട്ടാക്കട ചന്ത വികസനം ഇപ്പോഴും വാഗ്ദാനമായി തുടരുന്നു. കാട്ടാക്കടയുടെ പ്രധാന വാണിജ്യകേന്ദ്രമായ പൂവച്ചൽ പഞ്ചായത്തിന്റെ "കാട്ടാക്കട ചന്ത' പഴയപടി തന്നെ. ചന്തയെ കാട്ടാക്കട "ഓപ്പൺ മാൾ' എന്നതരത്തിൽ മാറ്റാൻ 18 കോടി രൂപയുടെ പദ്ധതി നബാർഡുമായി ചേർന്നു നടപ്പാക്കുമെന്ന എൽഡിഎഫ് ഭരണസമിതിയുടെ തീരുമാനം വാഗ്ദാനമായി അവശേഷിക്കുന്നു. കാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രം ഉള്ളപ്പോൾ അടുത്ത വാഗ്ദാനവും ഇതു തന്നെയെന്ന ആക്ഷേപവും ഉയരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഇല്ലാത്തതിനാൽ കച്ചവടക്കാർ ചന്തയെ കൈയൊഴിയുന്ന സ്ഥിതിയാണ്. കാട്ടാക്കട താലൂക്കിലെ ഏറ്റവും വലുതും 200 വർഷത്തോളം പഴക്കമുള്ളതുമാണ് കാട്ടാക്കട ചന്ത. പഞ്ചായത്തിന് ഏറ്റവുമേറെ വരുമാനം നൽകുന്ന ചന്തയെ അന്താരാഷ്ട്ര മാർക്കറ്റ് ആക്കുമെന്നും അതിനായി പദ്ധതി രൂപപ്പെടുത്തിയതായും മുൻ പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ ലോക ബാങ്കിന്റെ സഹായമായ 53 ലക്ഷം രൂപയിൽ 40 ലക്ഷം വിനിയോഗിച്ച് ഒരുവശത്തെ പഴയ സ്റ്റാളുകൾ ഹാബിറ്റാറ്റിനെ ഏൽപ്പിച്ച് നവീകരിച്ചു. 13 ലക്ഷം പൊതുശൗചാലയത്തിനും ചെലവായി. 4.5 കോടിയുടെ വികസനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വികസനം പാതിവഴിയിലെത്തിനിൽപ്പാണ്.
നിലവിൽ പൊതുശൗചാലയം പൂട്ടിയിട്ടിരിക്കുകയാണ്. വെള്ളവും വെളിച്ചവും നിലവാരമുള്ള കെട്ടിടങ്ങളും ഉൾപ്പെടെ ഒരു ചന്തയ്ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും ചന്തയ്ക്ക് അന്യമാണ്. അടിഞ്ഞുകൂടുന്ന ടൺ കണക്കിനു മാലിന്യങ്ങൾ നീക്കംചെയ്യാനോ സംസ്കരിക്കാനോ ഇപ്പോഴും കഴിയുന്നില്ല. മത്സ്യ-മാംസ വിൽപ്പന കേന്ദ്രങ്ങളിൽ മലിനജലം ഒഴുക്കിവിടാൻ അഴുക്കുചാലുകൾ ഇല്ലാത്തതും തറ പൂർണമായും ഓട് പാകാത്തതും മഴക്കാലത്ത് ചന്തയെ വൃത്തിഹീനമാക്കുന്നു.
ചന്തയ്ക്കുള്ളിൽ മാലിന്യസംസ്കരണത്തിനു സ്ഥിരം സംവിധാനമൊരുക്കാൻ പല പദ്ധതികളും നടപ്പാക്കുകയും പുതിയവ ആസൂത്രണം ചെയ്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടിട്ടില്ല. രണ്ടേക്കറോളം ഭൂമിയാണ് ചന്തയ്ക്കുള്ളത്. ഇതിൽ പകുതിയിലേറെ ഇപ്പോൾ കാടുകയറിക്കിടക്കുന്നു. കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്താൻ ആസൂത്രിതമായ പദ്ധതിയില്ലാത്തതാണ് ചന്തയുടെ ശോചനീയാവസ്ഥയ്ക്കു കാരണമെന്നും ആക്ഷേപമുണ്ട്.
ചന്തയുടെ നവീകരണം നടപ്പാക്കാനായാൽ വലിയ വികസനമാകും കാട്ടാക്കട, പൂവച്ചൽ പ്രദേശങ്ങൾക്കു പ്രാപ്തമാകുക. ചന്തയുടെ നിലനിൽപ്പ് നാടിന്റെ ആവശ്യമാണ്. കച്ചവടക്കാരിൽ ഭൂരിപക്ഷവും വഴിയോര വാണിജ്യത്തിലേക്കു തിരിഞ്ഞതാണ് പ്രധാന പ്രശ്നം. ഇവരെ തിരിച്ചെത്തിക്കാൻ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടണം. പ്രതിവർഷം 25 ലക്ഷത്തിലേറെ രൂപ പഞ്ചായത്തിനു വരുമാനം നൽകുന്ന ചന്തയിൽ അതിലൊരു ഭാഗമെങ്കിലും വിനിയോഗിക്കാൻ തയാറാവണം. എക്കാലത്തും ചന്ത വികസനം പ്രധാന ചർച്ചയാണ്. എന്നാൽ, അതനുസരിച്ച് ചന്തയെ നവീകരിക്കാൻ അധികൃതർ തയാറാകുന്നില്ലായെന്നും ആക്ഷേപമുണ്ട്.