ശ്രീകാര്യം എമ്മാവൂസ് സെന്റ് ജോസഫ് പള്ളിയിലെ ഇടവക ദിനാഘോഷം ഇന്ന്
1496490
Sunday, January 19, 2025 6:02 AM IST
തിരുവനന്തപുരം: ശ്രീകാര്യം എമ്മാവൂസ് സെന്റ് ജോസഫ് ദേവാലയത്തിലെ ഇടവക ദിനാഘോഷങ്ങൾ ഇന്നു നടക്കും. രാവിലെ 6.45ന് സീറോ മലബാർ സഭ തക്കല രൂപതാ അധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രനു സ്വീകരണം നൽകും. ഏഴിന് ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് ഇടവക ദിനാഘോഷത്തിന്റെ ഭാഗമായ ലേലവും ഉച്ചഭക്ഷണവും. വൈകുന്നേരം അഞ്ചിനു ലയോള കോളജ് കോമ്പൗണ്ടിലുള്ള ഷട്ടർ ഹാളിൽ പൊതുസമ്മേളനം.
ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആന്റണി ജോസഫ് മുഖ്യാതിഥിയാകും. വികാരി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ആശ്രമ സുപ്പീരിയർ ഫാ. ഏബ്രഹാം കല്ലറയ്ക്കൽ, മദർ സുപ്പീരിയർ സിസ്റ്റർ ജോസിൻ എഫ്സിസി, ട്രസ്റ്റിമാരായ ജോസ്പോൾ വൻമേലിൽ, ഷൈജു എന്നിവർ പ്രസംഗിക്കും. വിവാഹത്തിന്റെ സുവർണ്ണ , രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കും. ഇടവകയിൽ നിന്നും 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും.
കൂടാതെ അതിരൂപത, സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയവരെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്യും. പൊതുസമ്മേളനത്തിനുശേഷം ഇടവകയിലെ വിവിധ കൂട്ടായ്മകളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടാകും. അതിനുശേഷം സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിക്കും.