കേരളത്തിൽ ഇപ്പോൾ നടക്കുന്നത് കങ്കാണിമാരുടെ ഭരണം: എം. ലിജു
1496507
Sunday, January 19, 2025 6:17 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ സ്തുതിപാഠകരാക്കി മാറ്റുന്ന കങ്കാണിമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നു കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു.
ജീവനക്കാരെ ആട്ടിത്തെളിച്ച്, ഭീഷണിപ്പെടുത്തി, വനിതാ ജീവനക്കാരെയുൾപ്പെടെ മാടന്പിയുടെ മുന്നിൽകൊണ്ടു നിർത്തി, പഴയ വാഴക്കുലയുടെ സംവിധാനത്തിനു സമാനമായി സ്തുതിപാഠകസംഘം പാടി തിമിർക്കുന്നു. വാഴ്ത്തു പാട്ടു കേൾക്കുന്പോൾ ഓർമവരുന്നത് ഒ.വി. വിജയന്റെ ധർമ്മപുരാണമാണ്. എങ്ങനെയാണോ ഭരണാധികാരിയെ വാഴ്ത്തിപ്പാടുന്നത്, അതുപോലെ ഒരു സാഹചര്യത്തിലാണ് ഭരണാധികാരിയുടെ വിസർജ്ജ്യങ്ങൾ വരെ മഹത്തരമാണെന്ന ഇടതു സംഘത്തിന്റെ വാഴ്ത്ത് പാട്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയും ജീവനക്കാരോടുള്ള ക്രൂരതയുമാണ് പണിമുടക്കിലേക്ക് തള്ളിവിട്ടത്. ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനു സിപിഎം സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ലിജു ആരോപിച്ചു.
പന്ത്രണ്ടാം ശന്പള പരിഷ്കരണം നടപ്പാക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് അധ്യക്ഷനായിരുന്നു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ, സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. പ്രദീപ് കുമാർ, എം.എസ്. മോഹനചന്ദ്രൻ, വി.എ. ബിനു, പി.എൻ. മനോജ് കുമാർ, കെ.എം. അനിൽകുമാർ, എ. സുധീർ, പി. കുമാരി അജിത, തിബീൻ നീലാംബരൻ, ജി.ആർ. ഗോവിന്ദ്, സി.സി. റൈസ്റ്റൻ പ്രകാശ്, ആർ. രഞ്ജിഷ് കുമാർ, സജീവ് പരിശവിള, സൂസൻ ഗോപി, വി. ഉമൈബ എന്നിവർ പ്രസംഗിച്ചു.