സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
1490893
Sunday, December 29, 2024 11:38 PM IST
പാലോട്: ദമ്പതിമാർ സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഭാര്യയ്ക്കു ദാരുണാന്ത്യം. പാലോട് ചിപ്പൻച്ചിറ രതീഷ് ഭവനിൽ സതികുമാരി (56)യാണു തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചത്. ഭർത്താവ് രാജീവൻ പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
നന്ദിയോട് പ്ലാവറ എസ്കെവി ഹൈസ്കൂളിനു സമീപം ഇന്നലെ വൈകുന്നേരം 5.30നായിരുന്നു സംഭവം. പോത്തൻകോട് ഒരു മരണവീട്ടിൽ പോയി ചിപ്പൻചിറയിലേക്ക് ആക്ടീവ സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ദമ്പതികൾ. പിന്നാലെ വന്ന തെങ്കാശി ഫാസ്റ്റ് ബസ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യവേ സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടിയതിനെത്തുടർന്നു ബാലൻസ് തെറ്റി രാജീവനും സ്കൂട്ടറും ഇടതുവശത്തേക്കും പിന്നിലിരുന്ന സതികുമാരി പിന്നിലേക്കും വീഴുകയായിരുന്നു.
മലർന്നുവീണ സതികുമാരിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു സംസ്കരിക്കും. പോലീസ് കേസെടുത്തു. ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. രാജേഷ്, രതീഷ് എന്നിവർ മക്കളാണ്.