പുതുവർഷത്തെ വരവേറ്റ് കോവളം
1491638
Wednesday, January 1, 2025 6:38 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ആകാംഷയോടെ കാത്തിരുന്ന ആയിരങ്ങളെ സാക്ഷിയാക്കി കോവളത്ത് പുതുവർഷം പിറന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ സഞ്ചാരികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും നാട്ടുകാരും ഇന്നലെ രാവിലെ മുതൽ കാത്തിരുന്നു. അറബിക്കടലിന്റെ പടിഞ്ഞാറെ ചക്രവാളത്തിൽ സൂര്യന്റെ അവസാന ചെങ്കിരണങ്ങളും താഴുന്നതും നോക്കിനെടുവീർപ്പിട്ടിരുന്നവർ കൈകൾ വീശിയും ആർപ്പുവിളിച്ചും അഭിവാദ്യം നൽകി യാത്രയാക്കി.
നിമിഷങ്ങളുടെ ശൂന്യതയ്ക്കുശേഷം കോവളം വീണ്ടും ആഘോഷത്തിന്റെ ലഹരിയിലേക്കു വഴിമാറി. അധികൃതർ സ്ഥാപിച്ച വിളക്കുകളും ഹോട്ടലുകളിലും റസ്റ്ററന്റുകളിൽ നിന്നുള്ള ലൈറ്റുകളുടെ പ്രകാശവും തീരത്തെ പകലിന്റെ മട്ടിലാക്കി.
2025നെ എതിരേൽക്കാൻ വൈകുന്നേരം ഏഴുമുതൽ നാടിന്റെ നാനാദിക്കിൽ നിന്നുള്ള ജനം തീരത്തേക്ക് ഒഴുകിത്തുടങ്ങി. രാത്രി പതിനൊന്നോടെ കോവളം തീരം ജനനിബിഡമായി. ആട്ടവും പാട്ടുമായി ആടിത്തിമിർത്ത ജനത്തിന്റെ ആവേശം സമയം കഴിയുംതോറും വർധിച്ചു. അതിരുവിട്് ആവേശം കാണിച്ച ചിലരെ നിയന്ത്രിക്കാൻ നിയമപാലകരും രംഗത്തിറങ്ങി.
രാത്രി പന്ത്രണ്ടുമണിയായതോടെ പുതുവർഷത്തിന്റെ പിറവി അറിയിച്ചു തീരത്തെ ഹോട്ടലുകളിൽ നിന്നുള്ള പൂത്തിരികൾ ആകാശത്ത് പൊട്ടിച്ചിതറി. അതോടെ ആർപ്പുവിളികളും നൃത്തവുമായി ആടിത്തിമിർത്ത സഞ്ചാരികളുടെ ആവേശവും ആകാശംമുട്ടെ ഉയർന്നു. ഇതിനിടയിൽ ആഘോഷങ്ങൾക്കു വിരാമംകുറിച്ചുള്ള അധികൃതരുടെ അറിയിപ്പ് തീരത്തുടനീളം സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. അതോടൊപ്പം ബീച്ചിൽനിന്ന് ആളുകളോടു പിരിഞ്ഞു പോകാനുള്ള മുന്നറിയിപ്പും എത്തി. പിന്നെയെല്ലാം ശാന്തമായുള്ള മടക്കം.
മിനിറ്റുകൾക്കുള്ളിൽ കോവളം തീരം ശൂന്യമായി. പുതുവർഷത്തെ വരവേൽക്കാൻ വന്നണഞ്ഞ ആയിരങ്ങൾക്ക് സുരക്ഷയൊരുക്കാൻ നിയമപാലകരുടെ പട തന്നെ നിലയുറപ്പിച്ചിരുന്നു. അശ്വാരൂഡ സേനയും വനിതാ പോലീസ് ഉൾപ്പെടെയുള്ളവർ ബീച്ചിലും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിരുന്നു. വാച്ച്ടവറുകളും കൺട്രോൾ റൂമും സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരുന്നു.
ഇന്നലെ രാവിലെ മുതൽ കർശനവാഹന പരിശോധന ആരംഭിച്ച അധികൃതർ വൈകുന്നേരത്തോടെ ബീച്ചിലേക്കുള്ള വാഹനങ്ങളെ കോവളം ജംഗ്ഷനിൽ നിയന്ത്രിച്ചു. മദ്യപിച്ചു ബഹളമുണ്ടാക്കുന്നവരെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. കോവളമൊഴിച്ച് തീരത്തെ മറ്റു ബീച്ചുകളിലെ ആഘോഷങ്ങൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മുൻ വർഷങ്ങളിൽ സഞ്ചാരികൾ കൂട്ടമായെത്തിയിരുന്ന പൂവാർ പൊഴിക്കരയിൽ സുരക്ഷ കണക്കിലെടുത്തു വൈകുന്നേരം ഏഴോടെ സഞ്ചാരികളെ ഒഴിപ്പിച്ചു. പൂവാറിൽ വാഹനനിയന്ത്രണവും ഏർപ്പെടുത്തി. അടിമലത്തുറ, സോമതീരം, പുല്ലുവിള, കരിംകുളം എന്നിവിടങ്ങളിൽ വിവിധ ക്ലബുകൾ സംഘടിപ്പിച്ച ആഘോഷ പരിപാടികളും അരങ്ങേറി.