മാൻഹോൾ സ്ലാബുകൾ റോഡിൽ ഉയർന്ന് നിൽകുന്നത് : യാത്രക്കാർക്ക് ഭീഷണിയാകുന്നു
1491072
Monday, December 30, 2024 6:57 AM IST
പേരൂര്‍ക്കട: വെള്ളയമ്പലം ജംഗ്ഷന് മുതല്‍ തൈക്കാട് വരെ നീളുന്ന നിരത്തില്‍ അവിടവിടെയായി റോഡില്‍ ഉയര്ന്നുനില്ക്കുന്ന സ്ലാബുകള്‍ വാഹനയാത്രികര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നു. ഏകദേശം 50 സ്ലാബുകളാണ് റോഡിന്റെ വിവിധ സ്ഥലങ്ങളിലായി ഉയര്‍ന്നു നില്‍ക്കുന്നത്. മലിനജലം വിടുന്ന ഓടയുടെ സ്ലാബാണ് ഉയര്ത്തിവച്ചിരിക്കുന്നത്. അടുത്തിടെയാണ് വെള്ളയമ്പലം-തൈക്കാട് റോഡ് റീടാര്‍ ചെയ്തത്.
അതിനുശേഷമാണ് സ്ലാബുകള്‍ യാതൊരു സുരക്ഷയുമില്ലാതെ അധികൃതര്‍ സ്ഥാപിച്ചത്. റോഡിലെ ടാറില്‍ നിന്ന് മൂന്ന് ഇഞ്ചോളം ഉയരത്തിലാണ് മിക്ക സ്ലാബുകളും സ്ഥിതിചെയ്യുന്നത്. സ്ലാബിന്റെ അവസ്ഥ അറിയാതെ വരുന്ന ഇരുചക്ര വാഹനങ്ങളാണ് ഇതിൽ തട്ടി അപകടത്തിൽപെടുന്നതിലേറെയും.
വെള്ളയമ്പലം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു സമീപം ഏറെ ഉയര്‍ന്നു നില്ക്കുന്ന സ്ലാബിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്നതിനായി രണ്ടു സേഫ്റ്റി കോണുകള്‍ സ്ലാബിനു മുകളിലായി വച്ചിരിക്കുകയാണ്. എത്രമാത്രം അപകടാവസ്ഥയിലാണ് സ്ലാബുകള്‍ നിലനില്‍ക്കുന്നതെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകും.
ടാറിംഗ് പൂര്‍ത്തീകരിച്ചശേഷം സ്ലാബും റോഡും തമ്മില്‍ ചേരുന്ന ഭാഗത്ത് സിമന്റുപൂശി സ്ലോപ്പ് നല്‍കാത്തതാണ് അപകടാവസ്ഥയ്ക്കു കാരണമായിരിക്കുന്നത്. വെള്ളയമ്പലം ആല്‍ത്തറ ഭാഗത്തും വഴുതക്കാട് ജംഗ്ഷനിലുമാണ് സ്ലാബുകള്‍ റോഡില്‍നിന്നു കൂടുതലായി തള്ളിനില്‍ക്കുന്നത്.