സിഎസ്ഐആർഎൻഐഐഎസ്ടി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കും: ടി.ആർ.ബി. രാജ
1491173
Tuesday, December 31, 2024 2:37 AM IST
തിരുവനന്തപുരം: കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ് ഐആർഎൻഐഐഎസ് ടി) യുടെ നൂതന സാങ്കേതികവിദ്യ കൃഷി, വ്യവസായം, ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾ എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കുമെന്നു തമിഴ്നാട് വ്യവസായ, വാണിജ്യമന്ത്രി ഡോ. ടി.ആർ.ബി. രാജ പറഞ്ഞു.
പാപ്പനംകോട്ടെ എൻഐഐഎസ്ടി കാന്പസ് സന്ദർശിച്ച മന്ത്രി, ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണനും മറ്റു മുതിർന്ന ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വികസന സ്ഥാപനമെന്ന നിലയിൽ ഈ കേന്ദ്രത്തിന്റെ സേവനം ഏതെല്ലാം മേഖലകളിൽ പ്രയോജനപ്പെടുത്താമെന്നുപരിശോധിക്കും. മികച്ച വിളവെടുപ്പ് ലഭിക്കുന്ന രീതിയിൽ കർഷകർക്ക് സാങ്കേതികവിദ്യ ഗുണകരമാകണം.
കൃഷി, വ്യവസായം, എംഎസ്എംഇ മേഖലകളിൽ മികച്ച ആശയവും നൂതനത്വവും കൊണ്ടു വരുന്നതിനായി തമിഴ്നാട് സർക്കാർ സാധ്യമായ എല്ലാ നടപടികളും എടുത്തുവരുകയാണ്. സിഎസ്ഐആർഎൻഐഐഎസ്ടി പോലുള്ള സ്ഥാപനങ്ങൾ ഈ ദിശയിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എൻഐഐഎസ്ടിയുടെ അത്യാധുനിക സൗകര്യമുള്ള കാന്പസിൽ മന്ത്രി വിശദമായ സന്ദർശനം നടത്തി.