ദന്പതികൾക്ക് എംഡിഎംഎ നൽകിയ യുവാവ് പിടിയിൽ
1491177
Tuesday, December 31, 2024 2:37 AM IST
കാട്ടാക്കട: ദമ്പതികൾക്കു വിൽപ്പനയ്ക്കായി എംഡിഎംഎ വിതരണം ചെയ്ത യുവാവി നെ ബംഗളൂരുവിൽ നിന്നും പിടികൂടി. മലയിൻകീഴ് അണപാട് 27 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ദമ്പതികൾ ഉൾപ്പെടെയുള്ളവർക്കു വിൽപ്പനയ്ക്കായി എംഡിഎംഎ നൽകിയ പ്രതിയെയാണ് ബം ഗളൂരു മജസ്റ്റിക്കിൽ നിന്നും കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കാട്ടാക്കടയിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാട്ടാക്കട ആമച്ചൽ ത്രിവേണി നിവാസിൽ അഭിജിത്ത് എന്ന തമ്പി (30) ആണ് അറസ്റ്റിലായത്. എംഡിഎംഎ വിൽപ്പനോദ്ദേശത്തോടെ കൈവശം വച്ചതിനു മലയിൻകീഴ് അണപ്പാട്, പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള മിനി മന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കാട്ടാക്കട കിള്ളി കൊല്ലോട് കുമിളി തലക്കൽ പുത്തൻ വീട്ടിൽ നസീം (25), ഇയാളുടെ ഭാര്യ ഇലിപ്പോട് ബാലകൃഷ്ണ റോഡിൽ ബൈത്തിനൂർ ഹസ്ന ഷെറിൻ (23), നസീമിന്റെ സുഹൃത്തുക്കളായ കിള്ളി കൊല്ലോട് പാറ വിളാകത്തു പുത്തൻ വീട്ടിൽ റഫീഖ് (26), കാട്ടാക്കട കൊറ്റംപള്ളി അമ്പലത്തിൻകാല പഞ്ചമി ഹൗസിൽ സന്ദീപ് (26) എന്നിവരെ 27 ഗ്രാം എൻഡിഎംഎയുമായി മലയിൻകീഴ് പോലിസും ഡാൻസാഫ് ടീമും ചേർന്ന് ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനു പിടികൂടി റിമാൻഡ് ചെയ്തത്. ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് ബംഗളൂരുവിൽ ഇവർക്ക് എംഡിഎംഎ നൽകുന്നയാ ളെക്കുറിച്ച് വിവരം കിട്ടിയത്.
തുടർന്ന് ഇവരിൽ രണ്ടുപേരുമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം ബംഗളൂരുവിൽ എത്തി പ്രതിയെ നിരീക്ഷണത്തിലാക്കിയശേഷം കേരളത്തിലേക്കു മടങ്ങി. തുടർന്നു പോലിസ് ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം മജസ്റ്റിക്കിലെത്തി പ്രതിയെ തന്ത്രപൂർവം പിടികൂടുകയായി രുന്നു. ഇയാളെ ഇന്നലെ ഉച്ചയോടെ കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ എത്തിക്കുകയും വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കുകയും റിമാൻ ഡ് ചെയ്യുകയും ചെയ്തു.
വാട്സപ്പ് വഴിയാണ് ഇവരുടെ ഇടപാടുകൾ നടന്നിരുന്നത്. സാധനം വാങ്ങി പാഴ്സൽ ചെയ്തു ബംഗളൂരുവിൽ പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കുകയും ഇവിടത്തെ ലൊക്കേഷൻ, ചിത്രങ്ങൾ ഉൾപ്പെടെ വാട്സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്യും. ദമ്പതിമാർ ഇവിടെയെത്തി ഇവ ശേഖരിച്ചു കേരളത്തിലേയ്ക്കു കടത്തി വാടകവീട്ടിലെത്തിക്കുകയും ആവശ്യാനുസരണം പാക്കറ്റുകളിലാക്കി ആവശ്യക്കാർക്കു നൽകുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ, സുരേഷ്, പ്രശാന്ത്, ബൈജു, പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.