കടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ തീരദേശ പോലീസ്
1491175
Tuesday, December 31, 2024 2:37 AM IST
വിഴിഞ്ഞം : കടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിൽ വിഴിഞ്ഞം തീരദേശ പോലീസ്.
പോസ്റ്റ്മോർട്ടം കഴിഞ്ഞു ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ മറവ് ചെയ്യുന്നതിനു മുൻപ് അജ്ഞാതന്റെ ബന്ധുക്കളെ കണ്ടെത്തേണ്ടതുണ്ട്. ഇക്കഴിഞ്ഞ രണ്ടിനു പൂന്തുറ കടൽത്തീരത്തുനിന്നു കണ്ടെത്തിയ 30 വയസു പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് പോലീസിനു തലവേദനയായത്. ഇടത്തെ നെഞ്ചിൽ ക്ലെമന്റ് എന്നും വലത്തെ നെഞ്ചിൽ പുഷ് പം എന്നും പച്ചകുത്തിയിട്ടുണ്ട്. ഇടതു കൈയിൽ ജെയ്സൺ എന്നെഴുതിയതിനു താഴെ ക്രിസ് തുവിന്റെ രൂപവും വലതു കൈയിൽ ദിനു എന്നു പച്ചകുത്തിയതിനു താഴെ കുരിശടയാളവുമുണ്ട്. ശരീരത്തിൽ പരിക്കുകൾ ഇല്ലാത്തതിനാൽ കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെട്ടതാകാമെന്നു തീരദേശ പോലീസ് കരുതുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ ഒരു ദിവസത്തെ മാത്രം പഴക്കമാണ് ഉണ്ടായിരുന്നത്. കാൺമാനില്ലാത്തവരുടെ പട്ടിക അന്വേഷിച്ചു കേരളത്തിലെയും തമിഴ്നാട്ടിലെയും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചെങ്കിലും ഇതുവരെയും മറുപടി ലഭിച്ചില്ല.
മൃതദേഹംമറവു ചെയ്യുന്നതിനു മുന്പു ബന്ധുക്കൾ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് തീരദേശ പോലീസ്.