എംടി പുരോഗമന ആശയങ്ങളുടെ എഴുത്തുകാരൻ: മുഖ്യമന്ത്രി
1491633
Wednesday, January 1, 2025 6:38 AM IST
തിരുവനന്തപുരം: കേരള സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് എം.ടിയുടെ മതനിരപേക്ഷമായ നിലപാടുകളും എഴുത്തും സഹായകരമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം ലോക സാഹിത്യത്തിനു സമ്മാനിച്ച അപൂർവം പ്രതിഭകളിൽ ഒരാളാണ് എം.ടി. വാസുദേവൻ നായരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനസർക്കാർ ഇന്നലെ ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച എം.ടി. വാസുദേവൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
എംടിയുടെ പുരോഗമനോന്മുഖമായ ചുവടുവയ്പ്പിന്റെ അടയാളമാണ് പള്ളിവാളും കാൽചിലന്പും.
ആ കഥയെ ആസ്പദമാക്കിയെടുത്ത നിർമാല്യം പോലൊരു ചിത്രം പിൽക്കാലത്ത് എടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻപോലും കഴിയില്ലെന്നും എംടിതന്നെ പറഞ്ഞിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ജീവിതത്തെ എംടി സാർഥകമായി അടയാളപ്പെടുത്തി. നാലുകെട്ടുകളുടെ തകർച്ചയും ഫ്യൂഡലിസത്തിന്റെ അന്ത്യവും ജീവിതദുരിതങ്ങളും എംടിയുടെ എഴുത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
കാലത്തിനുനേർക്കു തിരിച്ചുപിടിച്ച കണ്ണാടിയാണ് എംടിയുടെ സാഹിത്യം. ചതിയൻ ചന്തുവിനെയും ഭീമനേയും പൊളിച്ചെഴുതിയതിലൂടെ പുതിയൊരു ഭാവുകത്വമാണ് കഥാകാരൻ സൃഷ്ടിച്ചെടുത്തത്. എല്ലാകാലത്തും പുരോഗമനപക്ഷത്തോടും ഇടതുപക്ഷ പ്രസ്ഥാനത്തോടും ചേർന്നുനിന്ന എഴുത്തുകാരനാണ് എംടി. പ്രസ്ഥാനത്തോടു തോൾചേരുകയും ഒപ്പും തിരുത്തേണ്ടവയെ തിരുത്തുകയും ചെയ്തിട്ടുണ്ട്. മലയാളഭാഷ ഉള്ളകാലത്തോളം എംടി ഓർമിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംടി നമുക്ക് ആരായിരുന്നുവെന്നു ചിന്തിക്കുവാനുള്ള ഘട്ടമാണിതെന്ന വാക്കുകളോടെയാണു മുഖ്യമന്ത്രി പ്രഭാഷണം ആരംഭിച്ചത്. എംടിയുമായി സഹകരിച്ച നിമിഷങ്ങൾ വളരെയാണ്. മുഖ്യമന്ത്രിയെന്ന നിലയിലും എംടിയെ കണ്ടിട്ടുണ്ട്. ആ സമയത്തു സ്വന്തം കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നില്ല. മലയാള ഭാഷയെക്കുറിച്ചും പുതിയതലമുറയ്ക്കു നല്ല മലയാളം നഷ്ടപ്പെടുന്നതിനെക്കുറിച്ചുമാണു എംടി ഏറേയും സംസാരിച്ചിട്ടുള്ളത്. തുഞ്ചൻപറന്പിനെ സാഹിത്യകാരുടെ തീർഥാടനകേന്ദ്രമാക്കി മാറ്റിയതും എംടിയാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
എംടി കണ്ടെത്തിയ എഴുത്തുകാരനാണ് താനെന്ന് അനുസ്മരണ പ്രസംഗത്തിൽ എൻ.എസ്. മാധവൻ പറഞ്ഞു. എല്ലാ അർഥത്തിലും എംടി ഇതിഹാസമായിരുന്നുവെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. മന്ത്രി ജി.ആർ. അനിൽ, എ.എ. റഹീം എംപി, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ, എഴുത്തുകാരൻ അശോകൻ ചരുവിൽ, കവി പ്രഫ. വി. മധുസൂദനൻ നായർ, ചലച്ചിത്ര സംവിധായകൻ ഷാജി കരുൺ,
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര നിർമാതാവ് സുരേഷ്കുമാർ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ചലച്ചിത്ര നടിമാരായ ജലജ, മേനക, നടൻ മധുപാൽ, കൗൺസിലർ അഡ്വ. രാഖി രവികുമാർ, മാധ്യമപ്രവർത്തകൻ വി.എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ നന്ദിയും പറഞ്ഞു.
ചടങ്ങിനുമുന്പ് മുഖ്യമന്ത്രി എംടിയുടെ ഛായാചിത്രത്തിനുമുന്നിൽ പുസ്തകാർച്ചന നടത്തി. എംടിയുടെ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും ഫോട്ടോപ്രദർശനവും ശ്രദ്ധേയമായി.