പാർട്ടി സമ്മേളനത്തിനിടെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പ്രവർത്തകൻ മരിച്ചു
1491152
Monday, December 30, 2024 10:17 PM IST
വിഴിഞ്ഞം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പാർട്ടി പ്രവർത്തകൻ മരിച്ചു. കടബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് മജിസ്ട്രേറ്റിനു മൊഴി നൽകിയ വിഴിഞ്ഞം കരയടിവിളവട്ടവിള തോട്ടരുകത്ത് വീട്ടിൽ രതീഷ് (43) ആണ് ഏഴ് ദിവസത്തെ മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം ഇന്നലെ ഉച്ചയോടെ മരിച്ചത്.
ഇക്കഴിഞ്ഞ 23 ന് വിഴിഞ്ഞത്ത് നടന്ന പാർട്ടി സമാപന സമ്മേളനത്തിന് കുടുംബ സമേതമാണ് രതീഷ് എത്തിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുരുകൻ കാട്ടാക്കട നയിച്ച കലാപരിപാടി പകുതി കഴിയുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ആത്മഹത്യാ ശ്രമം നടന്നത്. ഭാര്യയോടും മക്കളോടുമൊപ്പം പരിപാടി കണ്ടിരുന്ന യുവാവ് രണ്ട് മൂന്ന് പ്രാവശ്യം വേദിയിലേക്ക് കയറാനും ശ്രമിച്ചു.
സംഘാടകർ അനുനയിപ്പിച്ച് മാറ്റി നിർത്തിയെങ്കിലും ഫലമുണ്ടായില്ല. മറുവശത്തുകൂടി വേദിക്കരുകിൽ എത്തിയ രതീഷ് കൈയിൽ കരുതിയിരുന്ന ഇന്ധനം തലയിൽ കൂടി ഒഴിച്ച് സിഗരറ്റ് ലാബ് കൊണ്ട് വേഗത്തിൽ തീ കത്തിക്കുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിഴിഞ്ഞം പോലീസ് കേസെടുത്തു.