പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കോവളം തീരം
1491067
Monday, December 30, 2024 6:57 AM IST
വിഴിഞ്ഞം : പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കോവളം തീരം. 2024ന് വിടനൽകി വരാനിരിക്കുന്ന പുതുവർഷത്തെ സ്വീകരിക്കാൻ തീരത്ത് നാളെ ആയിരങ്ങൾ അണിചേരും. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യം ആദരസൂചകമായി ദുഃഖാചരണം ആചരിക്കുന്നതിനാൽ സർക്കാർ വക ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഇക്കൊല്ലത്തെ പുതുവർഷപ്പിറവി .
തീരത്തെ ഉണർത്തിയുള്ള ശിങ്കാരിമേളവും, സാംസ്കാരിക പരിപാടിയും പുതുവർഷം പിറക്കുന്ന സൂചന നൽകി ആകാശത്ത് വിരിയുന്ന പൂത്തിരികത്തിക്കലും സർക്കാർ വകയായിരുന്നു. സഞ്ചാരികളുടെ കണ്ണിനും കാതിനും ഇമ്പം പകർന്ന് ആഘോഷം കൊഴുപ്പിക്കാൻ ഇക്കുറിയും ലക്ഷങ്ങൾ മുടക്കിയുള്ള പരിപാടികൾക്ക് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരുന്നെങ്കിലും ഒടുവിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
എന്നാൽ ഒരു വർഷവും സുഖ-ദുഃഖങ്ങൾ സമ്മാനിച്ച് കടന്നുപോകുന്ന 2024നെയാത്രയാക്കാൻ സഞ്ചാരികൾ ഒഴുകിയെത്തുമെന്ന സൂചന നൽകി ഇന്നലെയും തീരം ജനനിബിഡമായി . വിദേശ - സ്വദേശി സഞ്ചാരികളുടെ വരവും വർധിച്ചതോടെ ഇവർക്ക് സുരക്ഷയൊരുക്കുന്നതിനുള്ള തത്രപ്പാടിലാണ് നിയമപാലകർ.
സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ വിപുലമായ സജ്ജികരണങ്ങളുമായി വൻപോലിസ് സംഘവും രംഗത്തുണ്ടാകും. തീരത്തിന് വെളിച്ചം പകരാനുള്ള വിളക്ക് സ്ഥാപിക്കൽ നടപടികളും, വാച്ച് ടവർ, കൺട്രാൾ റൂം, കാമറ സ്ഥാപിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികൾ ഇന്നോടെ പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു.
ബീച്ചുകളിലും പരിസര പ്രദേശങ്ങളിലും കാവൽ നിൽക്കുന്ന പോലീസ് സംഘത്തിനുപരി അശ്വാരൂഢസേനയും ജാഗരൂഗരായിരിക്കും. പ്രശ്നക്കാരെ കൈയ്യോടെ പിടികൂടാൻ മഫ്ത്തിയിലും പോലീസ് കറങ്ങി നടക്കും. കടലിൽ ഇറങ്ങുന്നവരുടെ ജീവൻ രക്ഷക്കായി ഇരുപതോളം ലൈഫ് ഗാർഡുമാരും രംഗത്തുണ്ടാകും.