ആയിരവല്ലിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
1491164
Tuesday, December 31, 2024 2:37 AM IST
വെഞ്ഞാറമൂട്: ആംബുലൻസും കാറും കൂട്ടിയിടിച്ചു മൂന്നുപേർക്കു പരിക്ക്. ആംബുലൻസ് ഡ്രൈ വർ ബിലാൽ (19), പേരുമല സ്വദേശി സിദ്ദിഖ് (27), കല്ലറ സ്വദേശി ഷെഫീക്ക് (34 ) എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ കീഴായിക്കോണം ആയിരവല്ലി ജംഗ്ഷനു സമീപത്ത് ഇന്നലെ പത്തോടെയായിരുന്നു അപകടം.
മെഡിക്കൽ കോളജിലേക്ക് രോഗിയുമായിപോയ ആം ബുലൻസും ഇതേ ദിശയിൽ സഞ്ചരിച്ച സിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വാഹനത്തിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന പുറത്തെടുക്കുകയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും മറ്റു പരിക്കേറ്റവരെയും സേനയുടെ ആംബുലൻസിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) എസ്ആർ ഗിരീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (മെക്കാനിക്) അജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സൈഫുദ്ധീൻ, അരുൺ, ഹോം ഗാർഡുമാരായ മനോജ്, ബിനുമോൻ, അനീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.