കുരങ്ങുശല്യം രൂക്ഷം: പൊറുതിമുട്ടി നാട്ടുകാർ
1491169
Tuesday, December 31, 2024 2:37 AM IST
പാലോട്: കുരങ്ങന്മാരുടെ ശല്യം പൊറുതിമുട്ടി നാട്ടുകാർ. കുരങ്ങുകള്‍ കൂട്ടമായെത്തി വീടിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകയറി ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പാലോട് ജവഹര്‍ കോളനി ലക്ഷം വീട് കോളനിയില്‍ ശ്രീലതയുടെ വീട്ടിലാണു കുരങ്ങുകള്‍ കൂട്ടത്തോടെയെത്തി അക്രമം നടത്തിയത്.
വീട്ടിലെ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ത്തു. ശേഷിച്ചവ തറയില്‍ തട്ടികളയുകയും ചെയ്തു. അരി, പലവ്യഞ്ജനങ്ങളുൾപ്പെടെ യുള്ള മറ്റു സാധനങ്ങള്‍ എന്നിവയെല്ലാം തള്ളിയിട്ടും വാരി എറിഞ്ഞും നശിപ്പിച്ചു. തുണികള്‍ മുഴുവന്‍ കടിച്ചു കീറി. സമീപത്തെ ജവഹര്‍ കോളനി ഹൈ സ്കൂളിലെ കുട്ടികള്‍ക്കും ഈ കുരങ്ങുകള്‍ ഭീഷണിയാണ്. പള്ളിക്കൂടത്തിലേക്കു കാല്‍നടയായി വരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ഏറെ ഭയാശങ്കയിലാണ്.
മൂന്നുമാസം മുന്‍പ് സമാനമായി കുരങ്ങന്മാരുടെ ആക്രമണം ഉണ്ടായപ്പോള്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിക്കമെന്നു പറഞ്ഞിരുന്നു. കൂടുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപ ടിയായില്ല.
കുരങ്ങന് കൂട്ടത്തെ കൊണ്ട് നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഫലവൃക്ഷങ്ങളില്‍ ഒന്നില്‍ നിന്നുപോലും കര്‍ഷകര്‍ക്കു വിളവെടുക്കാന്‍ കഴിയുന്നില്ല. ചിപ്പന്‍ചിറ, ജവഹര്‍ കോളനി, ഇരുമ്പുപാലം തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങുശല്യം രൂക്ഷമായിട്ടുള്ളത്.