കാട്ടാക്കടയിൽ കുടിവെള്ളക്ഷാമം രൂക്ഷം
1491069
Monday, December 30, 2024 6:57 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. കാട്ടാക്കട പട്ടണം, തൂങ്ങാംപാറ, ചെട്ടിക്കോണം, മാവുവിള, ചെമ്പനാകോട്, കിള്ളി, കാനക്കോട്, കാരീഞ്ചൽ, കൊറ്റംപള്ളി, വില്ലിടുംപാറ, കട്ടയ്ക്കോട്, നാടുകാണി തുടങ്ങിയ പ്രദേശങ്ങളിലൊന്നും ജലവിതരണം കാര്യക്ഷമമല്ലെന്നാണ് പരാതി.
രണ്ടാഴ്ചയിലധികമായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിച്ചിട്ട്. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് പലദിവസങ്ങളിലും പൈപ്പുകളിൽ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് പ്രദേശവാസികൾ . അതിനിടെ ജല അഥോറിറ്റിയുടെ ജലവിതരണത്തിൽ ക്രമക്കേടെന്നും ആക്ഷേപമുയരുന്നു. ജല്ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ മുറിച്ച ഭാഗങ്ങളിൽ പലയിടത്തും കണക്ഷൻ നല്കിയില്ല.
കാട്ടാക്കട-നെയ്യാർഡാം റോഡിൽ കാട്ടാക്കട ക്ഷീരസംഘത്തിനു സമീപത്ത് ജല അഥോറിറ്റിയുടെ പൈപ്പിൽനിന്നും വെള്ളം ഓടയിലൂടെ ഒഴുക്കുകയാണ്. ഗ്രാമീണ മേഖലയിലെ ജലവിതരണം തടസപ്പെടുന്നത് സംബന്ധിച്ചോ, ഇവ എപ്പോൾ പരിഹരിക്കുമെന്നോ ആർക്കും ധാരണയില്ലെന്നാണ് ആക്ഷേപം.
പൈപ്പുവെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. നെയ്യാർഡാം കാളിപാറയിലെ ജല അഥോറിറ്റിയുടെ ജല ശുദ്ധീകരണശാലയിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകുന്ന 700 എംഎംഡിഐ ഗ്രാവിറ്റി പ്രധാന പൈപ്പിൽ തൂങ്ങാംപാറയിലെ വാൽവ് നിയന്ത്രിച്ചാണ് കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്നത്.
ആഴ്ചയിൽ രണ്ടുദിവസം കാട്ടാക്കടയിലേക്ക് ഈ വാൽവ് പ്രവർത്തിപ്പിച്ചാൽ മാത്രമേ പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം സുഗമമായി നടക്കൂ. എന്നാൽ, നെയ്യാറ്റിൻകര പ്രദേശത്തേക്കുള്ള ജലവിതരണത്തിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവമാണ് കാട്ടാക്കടയിൽ ജലവിതരണം മുടങ്ങാൻ കാരണമായി ആരോപണമുള്ളത്. കുടിവെള്ളം മുടങ്ങുമ്പോൾ കാട്ടാക്കടയിലെ സെക്ഷൻ ഓഫിസിൽ പരാതിപ്പെട്ടാൽ ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നതായും പൊതുവേ ആക്ഷേപം ശക്തമാണ്.
നെയ്യാറ്റിൻകര അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറോടോ എക്സിക്യൂട്ടിവ് എൻജിനീയറോടോ പരാതി പറഞ്ഞാൽ കാട്ടാക്കട ഓഫിസിൽ വിളിക്കാനാകും ഉപദേശം.
വർഷങ്ങളായി സ്കീം നോക്കുന്ന കരാറുകാരനെ വിളിച്ചാൽ ഫോൺ എടുക്കില്ല. ആരോട് പരാതി പറഞ്ഞാലാണ് കുടിവെള്ളം കിട്ടുകയെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.