ആര്യനാട്ടെ മദ്യശാലയിലും ക്ഷേത്രത്തിലും മോഷണം
1491070
Monday, December 30, 2024 6:57 AM IST
നെടുമങ്ങാട് : ആര്യനാട് ബെവ്കോയുടെ മദ്യശാലയിലും സമീപത്തെ മഹാഗണപതി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും കുത്തിത്തുറന്ന് മോഷണം നടന്നു.
ഇന്നലെ പുലർച്ചെ നാലിനാണ് മോഷണം നടന്നത്. മദ്യശാലയിൽ നിന്നും മദ്യകുപ്പികളാണ് മോഷണം പോയത്. എത്ര കുപ്പികൾ മോഷണം പോയതായുള്ള വിവരങ്ങൾ ജീവനക്കാരിൽ നിന്നും ലഭ്യമല്ല. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ അറിയാൻ കഴിയൂ എന്ന് പോലീസും പറഞ്ഞു. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം സിസിടിവിയുടെ കേബിളുകൾ തകർത്തു.
മദ്യശാലയുടെ കൗണ്ടറിന്റെ ഷട്ടറിന്റെ പൂട്ടു തകർത്ത നിലയിൽ ആണ് കണ്ടെത്തിയത്. ആര്യനാട് മഹാഗണപതി ക്ഷേത്ര കാണിക്കവഞ്ചിയും കുത്തിത്തുറന്ന് മോഷണം നടത്തി . ക്ഷേത്ര മതിൽ ചാടിക്കടന്ന് സമീപത്തെ കാണിക്കവഞ്ചിയിൽ നിന്നുമാണ് പണം മോഷ്ടിച്ചത്.
നാണയങ്ങളും കുറച്ച് നോട്ടുകളും ഇതിന് സമീപം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. 10000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. വിരലടയാള വിഗദ്ധർ, ഡോഗ് സ്ക്വാഡ്, ഫോറൻസിംക് തുടങ്ങിയവർ പരിശോധന നടത്തി. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.