ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോ അന്തർസംസ്ഥാന ടെർമിനൽ ആയി ഉയർത്തും
1491071
Monday, December 30, 2024 6:57 AM IST
ആര്യങ്കാവ്: ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോ ഇന്റർസ്റ്റേറ്റ് ടെർമിനൽ ഡിപ്പോ ആയി ഉയർത്തുന്നു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി പി.എസ്. സുപാൽ എംഎല്‍എ അറിയിച്ചു. കെഎസ്ആർടിസിയും തമിഴ്നാട് ആർടിസിയുമായി ചേർന്ന് പുതിയ സർവീസ് ആരംഭിക്കും.
ആദ്യഘട്ടത്തിൽ തിരുനെൽവേലിയിൽ നിന്ന് തമിഴ്നാട് ആർടിസിയുടെ മൂന്നു സര്‍വീസും അതിന് കണക്ഷനായി കേരളാ ആർടിസിയുടെ ആര്യങ്കാവ് - പുനലൂർ -കൊല്ലം സർവീസും ആരംഭിക്കും.
സര്‍വീസുകളുടെ ഫ്ലാഗ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് . ശിവകുമാർ എന്നിവർ ചേർന്ന് ജനുവരി രണ്ടിന് ആര്യങ്കാവ് ആര്‍ഒ ജംഗ്ഷനിൽ നിർവഹിക്കും. പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി എംഡി ഉത്പ്രമോജ് ശങ്കർ, തമിഴ്നാട് ആർടിസി എംഡി ദശരഥൻ തുടങ്ങിയവർ പങ്കെടുക്കും.
ആര്യങ്കാവ് ഡിപ്പോ ഇന്റർസ്റ്റേറ്റ് ടെർമിനൽ ഡിപ്പോ ആയി ഉയർത്തുന്നത് സംബന്ധിച്ച് 2018 ൽ ആണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ കരാറിൽ ഏർപ്പെട്ടത്. കോവിഡ് ബാധിച്ചതോടെ പ്രവർത്തനങ്ങള്‍ നിലച്ചു. ഡിപ്പോയെ ഇന്റർ സ്റ്റേറ്റ് ടെർമിനൽ ഡിപ്പോ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉയര്‍ന്നതാണ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേയും തിരുവനന്തപുരം ജില്ലയിലെ ഒരു ഭാഗത്തേയും യാത്രക്കാർ മധുരയിലേക്ക് പോകാനായി പുനലൂർ-തെങ്കാശി സംസ്ഥാനാന്തര ഹൈവേയെ ആണ് പ്രയോജനപ്പെടുത്തുന്നത്.
എംഎല്‍എ യുടെ അഭ്യര്‍ഥനപ്രകാരം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രത്യേക താല്പര്യമെടുത്താണ് സര്‍വീസ് ആരംഭിക്കാൻ തമിഴ്നാടുമായി ധാരണയായത്.