നെയ്യാറ്റിന്‍കരയുടെ ഹൃദയംതൊട്ട തമിഴകത്തിന്റെ മകള്‍
1491641
Wednesday, January 1, 2025 6:38 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : ജീവിതത്തിലെ വെല്ലുവിളികളെ പോരാട്ടവീര്യത്തോടെ അതിജീവിക്കുകയും നിസ്വാര്‍ഥമായ മനസോടെ സാമൂഹികോന്നമനത്തിനായി മാതൃകാസേവനം തുടരുകയും ചെയ്ത സിസ്റ്റര്‍ മൈഥിലി ഇനി ഓര്‍മ്മകളില്‍. ഗാന്ധിയന്‍ കുടുംബത്തില്‍ ജനിച്ച സിസ്റ്റര്‍ മൈഥിലിയെ സംബന്ധിച്ചിടത്തോളം സാമുഹ്യസേവനം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു എന്നതാണ് വാസ്തവം.
മുൻ സ്വാതന്ത്ര്യ സമര സേനാനി എ. വൈദ്യനാഥ അയ്യരുടെ ചെറുമകളായ മൈഥിലിയുടെ പിതാവ് അഡ്വ. വി. ശങ്കരന് തമിഴ്നാട് ഹരിജൻ സേവക് സംഘിന്റെ പ്രസിഡന്റായിരുന്നു. പിതാവിനെ പോലെ മാതാവ് ഗൗരിശങ്കരനും സാമൂഹ്യസേവനപാതയില് സജീവമായതിന്റെ അനുഭവം കുഞ്ഞുന്നാളിലേ മൈഥിലിയെ വല്ലാതെ സ്വാധീനിച്ചു. ഖാദി മാത്രം ധരിക്കുന്ന കുടുംബത്തില്‍ ദിവസവും ഒരു മണിക്കൂർ കിസാൻ ചർക്കയിൽ അവർ നൂൽനൂൽക്കുമായിരുന്നു.
ചെറുപ്പത്തിലേ പോളിയോ ബാധിതയായ മൈഥിലി മധുരയിലെ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളില്‍ നിന്നും 13-ാം വയസിൽ തന്നെ എസ്എസ്എൽസി പൂർത്തിയാക്കി. തുടർന്ന് ഫാത്തിമ കോളജിൽ നിന്ന് ബിരുദവും മധുര കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പ്രൈവറ്റായി പഠിച്ച് ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും നേടി.
മാതാപിതാക്കളുടെ പ്രോത്സാഹനത്തോടും സമ്മതത്തോടും കൂടി സേലത്തെ ശ്രീ ശാരദാ സമിതിയിൽ ചേർന്നു. അക്കാലത്ത് ബി.എഡ് കോഴ്സ് പൂര്‍ത്തിയാക്കുകയും എജ്യുക്കേഷണൽ അഡ്മിനിസ്ട്രേഷനിൽ സ്പെഷ്യലൈസ് ചെയ്യുകയുമുണ്ടായി. പിന്നീട് എംഎഡും പാസായി.
ഗാന്ധിഗ്രാമിൽ വച്ചാണ് ഗാന്ധിയനും വിദ്യാഭ്യാസ വിചക്ഷണനുമായ ദേശികോത്തമ ഡോ. ജി.രാമചന്ദ്രനെ ഗുരുവായി സ്വീകരിച്ചത്.
സ്വാമി പരമഹംസ യോഗാനന്ദയാണ് മൈഥിലിയുടെ ആത്മീയഗുരു. നെയ്യാറ്റിന്‍കരയിലെ ഊരൂട്ടുകാലയിലെ മാതൃഭവനത്തില്‍ വാര്‍ധക്യകാലത്ത് ഡോ. ജി. രാമചന്ദ്രന് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ പരിചരിക്കാൻ മൈഥിലിയും ഒപ്പമെത്തി. ഡോ.ജി ആർ സ്ഥാപിച്ച മാധവി മന്ദിരം ലോക സേവാ ട്രസ്റ്റിന്റെ സെക്രട്ടറിയായി അവർ ചുമതലയേറ്റു.
സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡിന്റെയും ഖാദി കമ്മീഷന്റെയും സഹായത്തോടെ ഖാദി നെയ്ത്ത് കേന്ദ്രം സ്ഥാപിച്ചു. ട്രസ്റ്റിന് കീഴിൽ ഒരു ഫൈബർ ഫാൻസി ആർട്ടിക്കിൾസ് പ്രൊഡക്ഷൻ യൂണിറ്റും വികസിപ്പിച്ചു.
കുറഞ്ഞ വിലയ്ക്ക് സാനിറ്ററി നാപ്കിനുകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ചെറുകിട വ്യവസായ യൂണിറ്റ് ആരംഭിച്ചു. കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ബയോമെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന പ്രത്യേക ഹൈടെക് കേന്ദ്രമായി അതിനെ വികസിപ്പിച്ചു. 1990 ല്‍ ഡോ. ജി.ആര് പബ്ലിക് സ്കൂളിന് തുടക്കം കുറിച്ചു.
ഗാന്ധിഗ്രാമിലെ ലൈഫ് ട്രസ്റ്റി, ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ സെനറ്റ് അംഗം, കേരള ഹരിജൻ സേവക് സംഘിന്റെ വൈസ് ചെയർപേഴ്സണ്‍, കേരള കരകൗശല വികസന കോർപ്പറേഷന്റെ ഉന്നതതല സമിതി അംഗം എന്നീ പദവികള്‍ അനുഷ്ഠിച്ചു. 2000 ജനുവരി ഏഴിന് ഇന്ത്യൻ മർച്ചന്റ് ചേംബേഴ്സിന്റെ ലേഡീസ് വിംഗ് ജാനകി ദേവി ബജാജ് പുരസ്കാരം നൽകി ആദരിച്ചു.
2005 സെപ്തംബറിൽ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ ഫിലോസഫി സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു. അക്കാദമിക് എക്സലൻസി അവാർഡിനും അര്‍ഹയായി.
ഫ്രീ - ഫ്രാങ്ക് - ഫിയർലസ് എന്നതായിരുന്നു സിസ്റ്റര്‍ മൈഥിലിയുടെ മുദ്രാവാക്യം. പ്രസാദാത്മകമായ മുഖത്തോടെ സദാ പ്രസന്നവതിയായി മാധവീമന്ദിരത്തില്‍ തന്തലമുറകളെയും ഇളംതലമുറകളെയും സ്വന്തം കര്മദൗത്യങ്ങളാല് പ്രചോദിപ്പിച്ച് ജീവിതപ്രയാണം തുടര്‍ന്നുപോന്ന സിസ്റ്റര്‍ മൈഥിലി ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയായിരുന്നുവെങ്കിലും നെയ്യാറ്റിന്‍കരയുടെ സ്വകാര്യ അഭിമാനമായിരുന്നു.