ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം
1491073
Monday, December 30, 2024 6:57 AM IST
കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കോട്ടാത്തല മൂഴിക്കോട് ചരുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ രാജനെ(65) ആണ് കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ടി.ആര്. റീന ദാസാണ് ശിക്ഷ വിധിച്ചത്.
2019 ഏപ്രില്‍ 17 നാണ് മായ (46)യെ ഭർത്താവ് രാജന് കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്യുന്നതിലുള്ള വൈരാഗ്യത്തിൽ മായയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
എസ്.ഐ. മണിയന്‍പിള്ള രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ന്യൂ മാനും സിഐ ശിവപ്രകാശുമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.26 സാക്ഷികളിൽ ബന്ധുക്കള്‍ ഉള്‍പ്പടെ കൂറുമാറിയിരുന്നു. പരിസരവാസിയും ദൃക്സാക്ഷിയായ മൂന്നാം സാക്ഷിയുടെ മൊഴിയും ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഡോക്ടര്‍മാരോട് മായ പറഞ്ഞ മൊഴികളും കേസില്‍ നിര്‍ണായകമായി.
23 രേഖകളും അഞ്ച് തൊണ്ടിമുതലും പ്രോസിക്യൂഷന് ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഡി.എസ്. സോനു ഹാജരായി. എഎസ്ഐ അഞ്ചുവാണ് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചത്.