റോബോ ഒളിന്പിക്സ് ജനുവരി 11ന്
1491172
Tuesday, December 31, 2024 2:37 AM IST
തിരുവനന്തപുരം: തലസ്ഥാനം റോബോട്ട് ഒളിന്പിക്സിനു വേദിയാകുന്നു. ജനുവരി 11 ന് സിഇടി (കോളജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം) യിലാണ് പരിപാടി നടക്കുക.
റോബോ റസ്ലിംഗ്, റോബോ ഫുട്ബോൾ, റോബോ ഇക്വസ്ട്രിയൻ, റോബോ സ്പ്രിന്റ്, ബ്രൈറ്റ് ഒളിന്പ്യൻ, റോബോ സ്റ്റീപിൾ എന്നീ ആറു കായിക ഇനങ്ങളിലാണ് റോബോട്ടുകൾ മാറ്റുരയ്ക്കുക. കുട്ടികൾ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയികൾക്ക് സർട്ടിഫിക്കറ്റിനും ട്രോഫിക്കും പുറമേ 2.5 ലക്ഷത്തോളം രൂപയും സമ്മാനമായി ലഭിക്കും.
എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, യാബോട്ട് അക്കാദമി എന്നിവയുമായി സഹകരിച്ച് നടത്തുന്ന ഒളിന്പിക്സിൽ പങ്കെടുക്കുന്നതിനായി ജനുവരി നാല് വരെ രജിസ്റ്റർ ചെയ്യാം. പ്രവേശനം സൗജന്യമാണ്. ഒളിന്പിക്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിനും പ്രത്യേക പുരസ്കാരമുണ്ട്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോണ്‍: 8714881281, support@yabota cademy.com. റോബോ ഒളിന്പിക്സ് സംഘാടക സമിതി ഭാരവാഹികളായ അരുണ്‍ കെ. നാരായണൻ, ബി. ഭാമ, ഭവ്യ നായർ, അപർണ, അഭിരാമി, അശ്വിനി, ഗൗതം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.