മലയോര മേഖലയിലെ വന്യമൃഗ ശല്യം; സർക്കാർ ഇടപെടണമെന്ന് സിപിഐ
1491643
Wednesday, January 1, 2025 6:45 AM IST
വിതുര : മലയോര മേഖലയിൽ കാട്ടു മൃഗങ്ങളുടെ അക്രമത്തിൽ നിന്ന് ജനങ്ങളെയും കൃഷിയെയും രക്ഷിക്കണമെന്നും, കർഷകർക്ക് കൃഷി തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരികയാണെന്നും ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര കലിങ്കു ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.
കാട്ടുമൃഗങ്ങളുടെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധി പേർ ആശുപത്രിയിൽ ഉണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ സന്ദർശിക്കാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ വനപാലകർ തയാറാവുന്നില്ല.
കാട്ടുമൃഗങ്ങൾക്കു വെള്ളം, ആഹാരം എന്നിവ അവരുടെ ആവാസ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനും അപകട സാധ്യതയുള്ള മേഖലകളിൽ ഫെൻസിംഗ്, ആനക്കിടങ്ങുകൾ സ്ഥാപിയ്ക്കുന്നതിനും ആക്രമണത്തിന് ഇരയായവർക്കു സമാശ്വാസ സഹായം നൽകുന്നതിനുള്ള ഇടപെടലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണവമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വെള്ളനാട് സതീശൻ, പുറത്തിപ്പാറ സജീവ്, കീഴ്പ്പാലൂർ രാമചന്ദ്രൻ, പൂവച്ചൽ രാജീവ്, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്,
സിപിഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് വിതുര, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വെള്ളനാട് ഹരി, ആർ. കെ. ഷിബു, പൂവച്ചൽ ഷാജി , മധു സി. വാര്യർ, കെ .വിജയകുമാർ, പൂവച്ചൽ ഷാജി, തൊളിക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനൂ തോമസ്, രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.