കോവളത്ത് സഞ്ചാരികളുടെ സുരക്ഷയ്ക്കായി 200 പോലീസുകാർ
1491170
Tuesday, December 31, 2024 2:37 AM IST
വിഴിഞ്ഞം: പുതുവർഷം ആഘോഷിക്കാൻ കോവളത്ത് എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇരുന്നൂറോളം പോലീസുകാരെ വിന്യസി പ്പിക്കും. കോവളം ജംഗ്ഷൻ, ലൈറ്റ്ഹൗസ് റോഡ്, ബീച്ചുകൾ എന്നിവിടങ്ങളിൽ ഇന്നു രാവിലെ മുതലാണു പോലീസിനെ വിന്യസിപ്പിക്കുക.
ഉച്ചയോടെ കോവളം ജംഗ്ഷനിൽ വാഹനപരിശോധന കർശനമാക്കും. മദ്യപിച്ചെത്തുന്നവരെയും മറ്റും പ്രത്യേകം നിരീക്ഷിക്കും. ഇതിനായിൽ ബീച്ചിൽ പോലീസിന്റെ മേൽനോട്ടത്തിൽ പ്രത്യേക കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു.
ഇടവിട്ട് സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകാനും നിർദ്ദേശങ്ങൾ നൽകാനുമായി എല്ലായിടവും ഉച്ചഭാഷിണിയും ഉണ്ടാകും. ആഘോഷം അതിരു കടക്കാതിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടെന്ന് കോവളം പോലീസ് അറിയിച്ചു. രാത്രി പന്ത്രണ്ട് മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.