സ്കൂൾ കലോത്സവം: വരവേൽപ്പ് ഒരുക്കങ്ങൾ തകൃതിയിൽ
1491634
Wednesday, January 1, 2025 6:38 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേല്‍ക്കാനായി തകർപ്പൻ മുന്നൊരുക്കവുമായി തലസ്ഥാനം. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ അവസാനവട്ട ക്രമീകരണങ്ങളാണ് തിരുവനന്തപുരം പട്ടണത്തിൽ നടക്കുന്നത്. പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേജ് മാനേജർമാർക്കും ഐ.ടി കോഡിനേറ്റർമാർക്കുമുള്ള പരിശീലനം ആരംഭിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ ഓരോ വേദിയിലേയും ക്രമീകരണങ്ങൾ വിലയിരുത്തി കൂടുതൽ സജ്ജീകരണങ്ങൾ എന്തെങ്കിലും വേണമെങ്കിൽ അവ ഒരുക്കും. ഓരോ മത്സര ഇനങ്ങളിലും സമയക്ലിപ്തത ഉറപ്പാക്കണമെന്നു സ്റ്റേജ് മാനേജർമാർക്ക് നിർദേശം നല്കി. മത്സരാർഥികൾ നൃത്ത ഇനങ്ങളിൽ പിന്നണി ഗാനം കൾപ്പിക്കാൻ മൊബൈൽ ഫോണ്‍ ഒഴിവാക്കണമെന്നും യു.എസ്.ബി ഡ്രൈവ് ഉപയോഗിക്കണമെന്ന നിർദേശവും നല്‍കിയിട്ടുണ്ട്.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വിൻസന്റ് എം.എൽ.എ ,എ.ഡി.പി.ഐ ഷൈൻ മോൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ കെ.സുധപ്രോഗ്രാം കമ്മിറ്റി കണ്‍വീനർ അനിൽ വട്ടപ്പാറ തുടങ്ങിയവർ പങ്കെടുത്തു.
കലോത്സവ കലവറയിലേക്കുള്ള വിഭവസമാഹരണം ഇന്നലെ പൂർത്തിയായി. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളാണ് വിഭവസമാഹരണത്തിൽ പങ്കാളികളായത്. പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ, തേങ്ങ, തുടങ്ങി 40 ഇനങ്ങളാണ് കുട്ടികൾ കലവറയിലേക്ക് സംഭാവന ചെയ്തതത്.
കുട്ടികൾ സമാഹരിച്ച വിഭവങ്ങൾ നാളെ പുത്തരിക്കണ്ടത്ത് വച്ച് മന്ത്രി ജി.ആർ അനിൽ ഏറ്റുവാങ്ങും. സ്കൂൾ കലോത്സവത്തിന്റെ ആവേശം ഏറ്റെടുത്ത് കോട്ടണ്‍ ഹിൽ സ്കൂൾ കുട്ടികൾ പോസ്റ്റർ പതിപ്പിക്കൽ നടത്തി. കലോത്സവത്തിന്റെ വരവറിയിച്ചുള്ള പോസ്റ്ററുകലാണ് സ്കൂളിൽ കുട്ടികൾ പതിപ്പിച്ചത്.
എം.ടിക്ക് ആദരവ്: മുഖ്യവേദിയുടെ പേര് എം.ടി. നിള എന്നാക്കി
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ അന്തരിച്ച എം.ടി. വാസുദേവൻ നായർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ആദരവ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിന്റെ പേര് എം.ടി. നിള എന്നാക്കി പുനർനാമകരണം ചെയ്തു. നേരത്തെ പ്രധാന വേദിയുടെ പേര് ഭാരതപ്പുഴ എന്നായിരുന്നു. ഇതാണ് പുനർനാമകരണം ചെയ്തത്.
"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളയാണെനിക്കിഷ്ടം’ എന്ന എം.ടിയുടെ ഏറ്റവും പ്രശസ്തമായ ഉദ്ധരണിയും മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.