സിപിഐ പ്രതിഷേധ മാർച്ച് നടത്തി
1491107
Monday, December 30, 2024 6:58 AM IST
കൊല്ലം: നമ്മുടെ ഭരണഘടന ചെകുത്താന്മാരുടെ കൈയിലാണെന്ന് സിപിഐ ദേശീയ എക്സി. അംഗം കെ. പ്രകാശ്ബാബു.കേന്ദ്രമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അംബേദ്ക്കർക്കെതിരേ നടത്തിയ അവഹേളന പ്രസംഗത്തിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ്ബേയില്‍ നടന്ന പ്രതിഷേധ പരിപാടി സിപിഐ ദേശീയ എക്സി. അംഗം കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭരണഘടന ക്ഷേത്രമാണെന്നാണ് അംബേദ്കര്‍ പറഞ്ഞതെന്ന് കെ. പ്രകാശ്ബാബു പറഞ്ഞു.
എല്ലാ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം തുല്യമായി ലഭ്യമാക്കണമെന്ന വ്യവസ്ഥ ബില്ലില്‍ വന്നതാണ് ഹിന്ദുവര്‍ഗീയവാദികളെ ചൊടിപ്പിച്ചത്.
ഭാര്യക്കും ഭര്‍ത്താവിനും തുല്യമായി ഭൂമി നല്‍കുന്നതിന് അവര്‍ ഒട്ടും അനുകൂലിച്ചില്ല. മനുസ്മൃതിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെപോലെയുള്ള സ്വാതന്ത്ര്യവും അവകാശവും പറയുന്നില്ല. ആര്എസ്എസുകാരോടൊപ്പം കോണ്‍ഗ്രസിലെയും ചില ആളുകള്‍ ചേര്‍ന്ന കാഴ്ചയാണ് അന്നുണ്ടായത്. ഈ ബില്‍ പാസാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് അംബേദ്കര്‍ നെഹ്രു മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.
അല്ലാതെ നെഹ്രുവിനോടുള്ള എതിര്‍പ്പുകൊണ്ടല്ല. 1951ല്‍ ബോംബെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അംബേദ്കര്‍ മത്സരിച്ച കാര്യം ഓര്‍ക്കണം. അന്ന് വിജയിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ നെഹ്രുവിന്റെ നിര്‍ദേശപ്രകാരം അംബേദ്കറിനെ രാജ്യസഭാംഗമാക്കിയ കാര്യവും പ്രകാശ്ബാബു അനുസ്മരിച്ചു.
ആര്.എസ്. അനിൽഅധ്യക്ഷത വഹിച്ചു. രവീന്ദ്രന്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ എംഎല്‍എ, അസി. സെക്രട്ടറി സാം കെ ഡാനിയേല്‍, പെരുങ്കുളം ഷാജി, സരസ്വതി, ജി. ലാലു, വിനില്‍, ജി.എസ്. ജയലാല്‍ എംഎല്‍എ, ദിനേശ്ബാബു, ആര്. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.