റോഡരികിൽ കോഴി മാലിന്യങ്ങൾ : പ്രതിഷേധവുമായി പ്രദേശവാസികൾ
1491065
Monday, December 30, 2024 6:46 AM IST
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിലെ അഴിക്കോടിന് സമീപം റോഡരികിൽ കോഴി മാലിന്യങ്ങൾ തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി . കഴിഞ്ഞ ദിവസം രാവിലെ അസഹനീയമായ ദുർഗന്ധം പ്രദേശത്ത് പരന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കോഴിമലിന്യങ്ങൾ തള്ളിയിരിക്കുന്നത് കണ്ടത്.
രാത്രിയിൽ എപ്പോഴോ ആണ് മാലിന്യങ്ങൾ തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പോലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതർ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മാലിന്യങ്ങൾ മൂടുകയായിരുന്നു.
അരുവിക്കര പഞ്ചായത്തിലെ ആളൊഴിഞ്ഞ പറമ്പുകളിലും മറ്റു റോഡുകളിലും മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്. ഒരാഴ്ചയ്ക്കു മുമ്പ് അരുവിക്കരയ്ക്ക് സമീപം കളത്തുകാലിലെ ഒരു പുരയിടത്തിൽ കാറിൽ കൊണ്ടുവന്ന മാലിന്യങ്ങൾ തള്ളിയതായി അരുവിക്കര പോലീസിൽ സ്ഥലമുടമ പരാതി നൽകിയിരുന്നു.
പഞ്ചായത്തിലെ ചെറിയകൊണ്ണി, ഇറയംകോട്, മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളിന് സമീപത്തെ റോഡുകൾ, കുന്നത്തുവിള, വെമ്പന്നൂർ, മൈലമ്മൂട്, പഴനിലം തുടങ്ങിയ അരുവിക്കര ഡാമിന് സമീപത്തെ റിസർവോയർ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമാണ്. നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്നത് തടയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.