നെയ്യാറ്റിൻകര സ്പെഷൽ സബ്ജയിലിൽ ദിവ്യബലിയും ക്രിസ്മസ് ആഘോഷവും
1491174
Tuesday, December 31, 2024 2:37 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷൽ സബ്ജയിലിൽ ക്രിസ്മസ് ദിവ്യബലിയും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.
നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോയുടെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്കുവേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. തുടർന്നു സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് ഷിജുരാജുന്റെ അധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.
നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആന്റിൽസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു ക്രിസ്മസ് കേക്ക് മുറിക്കുകയും ജയിൽ അന്തേവാസികൾക്ക് നൽകുകയും ചെയ്തു.
പൊതുസമ്മേളനത്തിനു ശേഷം ഓലത്താന്നി നിഡ്സ് യൂണിറ്റിലെ വനിതാ വേദി അംഗങ്ങളുടേയും കിളിയൂർ, ആറയൂർ നിഡ്സ് യൂണിറ്റിലെ കലാകാരികളുടേയും ജയിൽ ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ ക്രിസ്മസ് ആഘോഷത്തെ വർണാഭകരമാക്കി. നിഡ്സ് യൂണിറ്റ് സെക്രട്ടറിമാരുടേയും യൂണിറ്റ് അംഗങ്ങളുടേയും സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു.