തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിൽ മോചിതയാകാൻ സഹായിച്ചത് മാഫിയ സംഘമെന്ന് പോലീസ്.
സാമ്പത്തിക തട്ടിപ്പു കേസിലാണ് ശ്രീതു ജയിലിൽ പോയത്. ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ ജയിലിൽനിന്നും പുറത്തിറക്കാൻ സഹായിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ശ്രീതുവിനെ ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഏഴു മാസത്തിലധികമാണ് ശ്രീതു ജയിലിൽ കഴിഞ്ഞത്.
തുടർന്ന് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജയിലിന് പുറത്തിറക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഇവർ മോഷണവും ലഹരിക്കച്ചവടവും നടത്തുന്നവരാണ്.
ശ്രീതുവിനെ ജാമ്യത്തിലിറക്കിയ ഇവർ തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിക്കുകയായിരുന്നു. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ഇവർ ബന്ധപ്പെട്ടതിന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിച്ചതായി പോലീസ് പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതിനു തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹരികുമാരിന് പിന്നാലെ കേസിൽ ശ്രീതുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags : Sex racket sreethu jail